ജില്ലയിൽ പനി വ്യാപകം; ഒരാഴ്ചക്കിടെ 8846 പേർക്ക്​ രോഗം

കാക്കനാട്: ജില്ലയിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന. 8846 പേരാണ് ഒരാഴ്ചക്കിടെ പനി ബാധിച്ച് ആശുപത്രിയിലെത്തിയത്. വെള്ളിയാഴ്ച മാത്രം 1242 പേർ ചികിത്സ തേടി. പനി മൂർച്ഛിച്ചതിനെത്തുടർന്ന് 16 പേർ അഡ്​മിറ്റായി. ഡെങ്കിപ്പനിയിലും വലിയ തോതിലുള്ള വർധനയുണ്ട്​. ഒരാഴ്ചക്കിടെ 43 പുതിയ കേസ്​ റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക കണക്കുകൾപ്രകാരം കഴിഞ്ഞ വെള്ളിയാഴ്ച വരെ 15,998 പേർക്കായിരുന്നു ജില്ലയിൽ പനി ബാധിച്ചത്. വെള്ളിയാഴ്ച വരെയുള്ള കണക്കുപ്രകാരം ഇത് 24,838 ആയി. പ്രതിദിനം ശരാശരി 1263 പേർക്ക് പനി ബാധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ച മാത്രം മൂന്ന് പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 73 പേരായിരുന്നു ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്. ഇതിൽ കളമശ്ശേരി നഗരസഭയിലെ രണ്ടുപേർക്കും തൃക്കാക്കരയിലെ ഒരാൾക്കും ഡെങ്കി സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ചത്തെ അപേക്ഷിച്ച് 43 പേർക്കുകൂടി ജില്ലയിൽ ഡെങ്കി ബാധിച്ചതോടെ ആകെ എണ്ണം 174 ആയി. കഴിഞ്ഞ മൂന്നാഴ്ചയെ അപേക്ഷിച്ച് 25 ശതമാനത്തോളമാണ് വർധന. ജില്ലയിൽ പലയിടത്തും വയറിളക്കം ബാധിക്കുന്നവരുടെ എണ്ണത്തിൽ വർധനയുണ്ട്. ഇതിനുപുറമെ, വൈറൽ ഹെപ്പറ്റൈറ്റിസ്, ജലദോഷം, തക്കാളിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങളും അധികൃതരുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.