വിളക്ക്​​ അണക്കൽ സമരം: ട്വന്‍റി 20 പ്രവർത്തകന് മർദനമേറ്റു

കിഴക്കമ്പലം: ശനിയാഴ്ച നടന്ന 'വിളക്ക്​ അണക്കല്‍' സമരവുമായി ബന്ധപ്പെട്ട് ട്വന്‍റി 20 പ്രവര്‍ത്തകന് മർദനമേറ്റു. കാവുങ്ങപറമ്പ് പാറപ്പുറം ഹരിജന്‍കോളനിയില്‍ ചായാട്ടുഞാലില്‍ ദീപുവിനാണ് (38) മര്‍ദനമേറ്റത്. ഇദ്ദേഹം ആലുവ രാജഗിരി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ വെന്‍റിലേറ്ററില്‍ ചികിത്സയിലാണ്. മര്‍ദനത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന്​ ട്വന്‍റി 20 ആരോപിച്ചു. എം.എല്‍.എയുടെ നടപടികളിൽ പ്രതിഷേധിച്ച് ട്വന്‍റി 20 ഭരിക്കുന്ന പഞ്ചായത്തുകളില്‍ ശനിയാഴ്​ച വൈകീട്ട് ഏഴുമുതല്‍ 7.15 വരെ ലൈറ്റ് അണച്ച് പ്രതിഷേധിക്കാന്‍ ട്വന്‍റി 20 ആഹ്വാനം ചെയ്തിരുന്നു. ലൈറ്റ് അണച്ച് പ്രതിഷേധിക്കുന്നതിനിടെ അവിടെയെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ ദീപുവിനെ മര്‍ദിച്ചെന്നാണ്​ ആരോപണം. സംഭവമറിഞ്ഞെത്തിയ വാര്‍ഡ് അംഗത്തിനുനേരെയും ആക്രമണം അഴിച്ചുവിട്ടതായും വധഭീഷണി മുഴക്കിയതായും ട്വന്‍റി 20 ആരോപിക്കുന്നു. സംഭവശേഷം ദീപുവിന്‍റെ വീടിനുമുന്നില്‍ ഇവര്‍ തമ്പടിക്കുകയും ചികിത്സ തേടുകയോ പൊലീസില്‍ അറിയിക്കുകയോ ചെയ്താല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്​ടിച്ചതായും പറയുന്നു. തിങ്കളാഴ്​ച കഠിന തലവേദനയെത്തുടര്‍ന്ന് ദീപു പഴങ്ങനാട് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് രാജഗിരിയിലേക്ക് മാറ്റി. പരിശോധനയിൽ വയറ്റില്‍ പല സ്ഥലങ്ങളിലായി ചതവും തലയില്‍ ആന്തരിക രക്തസ്രാവവും കണ്ടെത്തി. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.