ഐക്കരനാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജിവെച്ചു; ട്വന്‍റി20യിലെ ഭിന്നതയെന്ന് ആക്ഷേപം

കോലഞ്ചേരി: ട്വന്‍റി20 ഭരിക്കുന്ന ഐക്കരനാട് പഞ്ചായത്തിൽ വൈസ്​ പ്രസിഡന്റ് ലൗലി ലൂയിസ് രാജിവെച്ചു. പുതിയ വൈസ് പ്രസിഡന്റായി പ്രസന്ന പ്രദീപിനെ തെരഞ്ഞെടുത്തു. ട്വന്‍റി20യിലെ ഭിന്നതയാണ് രാജിയിലേക്ക് നയിച്ചതെന്നാണ് പ്രതിപക്ഷ ആരോപണം. നവംബർ 27ന് വൈസ് പ്രസിഡന്‍റിന്‍റെ ഭർത്താവ് മരിച്ചിരുന്നു. ഇവരുടെ ഉടമസ്ഥതയിലുള്ള ആറാം വാർഡ് കടമറ്റം നമ്പ്യാരുപടിയിലുള്ള സ്ഥലം റോഡ് കൈയേറിയതായി നേരത്തേ ആരോപണം ഉയർന്നിരുന്നു. ഇതേതുടർന്ന് വൈസ് പ്രസിഡന്റ് ഭരണസമിതിയുമായി സ്വരച്ചേർച്ചയിൽ ആയിരുന്നില്ലെന്നാണ് പ്രതിപക്ഷ ആരോപണം. സ്ഥലം കൈയേറ്റ ആരോപണത്തിന് പിന്നിൽ ഭരണ സമിതിയിലെ ഒരംഗമാണെന്ന് ട്വന്‍റി20യിലും സംസാരമുയർന്നിരുന്നു. അതേസമയം, കുടുംബ ബിസിനസുകൾ സംബന്ധിച്ച തിരക്കാണ് രാജിക്ക് കാരണമെന്ന് വൈസ് പ്രസിഡന്‍റ്​ ലൗലി ലൂയിസ് 'മാധ്യമ'ത്തോട് പറഞ്ഞു. നേതൃത്വത്തിന്‍റെ ഏകാധിപത്യശൈലിയിൽ ട്വന്‍റി20 ജനപ്രതിനിധികൾ അസംതൃപ്തരാണെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് സംഘടന ലേബലിൽ വിജയിച്ച ഒരു ജില്ല പഞ്ചായത്ത്​ അംഗം ഏറെനാളായി സജീവമല്ലെന്നതും ചർച്ചയാകുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.