കൊച്ചി: കോർപറേഷൻ പരിധിക്കകത്ത് തെരുവുകച്ചവടത്തിന് പുതിയ ലൈസൻസ് (സർട്ടിഫിക്കറ്റുകൾ) അനുവദിക്കുന്നത് മാർച്ച് 18 വരെ നിർത്തിവെക്കണമെന്ന് വെൻഡിങ് കമ്മിറ്റിക്ക് ഹൈകോടതി നിർദേശം. തെരുവുകച്ചവടത്തിന് അനുമതി നൽകാവുന്ന മാനദണ്ഡങ്ങളിലും അനുമതി ലഭിക്കുന്നവർ നിയമപരമായി യോഗ്യരാണോയെന്നുമുള്ള കാര്യത്തിലും ഈ കാലയളവിനകം വ്യക്തത വരുത്തണമെന്ന് നിർദേശിച്ചാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരുടെ ഉത്തരവ്. മാർച്ച് 18നകം കൊച്ചി കോർപറേഷൻ പരിധിയിൽ നടപ്പാക്കുന്ന തെരുവുകച്ചവട പദ്ധതി സംബന്ധിച്ച് അന്തിമരൂപമുണ്ടാക്കണം. ഇക്കാര്യത്തിൽ ഇപ്പോൾതന്നെ ഏറെ സമയം പാഴായെന്നും ഇനിയും സമയം നീട്ടി അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കൊച്ചി നഗരത്തിലെ തെരുവുകച്ചവടക്കാരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ഹരജികളിലാണ് ഉത്തരവ്. ജീവനോപാധിയായി തെരുവുകച്ചവടത്തെ ആശ്രയിച്ചിട്ടുള്ളവരെ അട്ടിമറിക്കാൻ അനധികൃത കച്ചവടക്കാരെ അനുവദിക്കാനാവില്ലെന്നും നിയമവിരുദ്ധമായി കച്ചവടം നടത്തുന്നവരെ സംരക്ഷിക്കാനാവില്ലെന്നും ജനുവരി 28ലെ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കലക്ടറും കമീഷണറും കേസുമായി ബന്ധപ്പെട്ട അമിക്കസ്ക്യൂറിയും മേയറും സി.എസ്.എം.എൽ സി.ഇ.ഒയും ചേർന്ന നിരീക്ഷണ സമിതി രൂപവത്കരിക്കാനും നിർദേശിച്ചിരുന്നു. സമിതി രൂപവത്കരിച്ച് രണ്ട് തവണ യോഗം ചേർന്ന് ചില നിർദേശങ്ങൾ വെച്ചതായി അമിക്കസ്ക്യൂറി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചു. കടയുടെ സ്വഭാവം പരിഗണിച്ച് ഒരു കടക്ക് 15 മുതൽ 25 വരെ ചതുരശ്ര അടി സ്ഥലം അനുവദിക്കാനാണ് ധാരണ. കാൽനടക്ക് മതിയായ സ്ഥലം ഉറപ്പുവരുത്തണമെന്നും അംഗപരിമിതരുടെ യാത്രക്ക് തടസ്സമുണ്ടാകരുതെന്നുമുള്ള വ്യവസ്ഥയോടെ മൂന്ന് മീറ്ററിലധികം വീതിയുള്ളിടത്ത് മാത്രം നടപ്പാതകളിൽ കച്ചവടം അനുവദിക്കും. നഗരത്തിൽ പലയിടത്തും നടപ്പാതക്ക് 4.4 മീറ്റർ വീതിയുണ്ട്. ലൈസൻസ് സർട്ടിഫിക്കറ്റ് ലഭിച്ചവരെയോ കുടുംബാംഗങ്ങളെയോ മാത്രമേ ആ സ്ഥലത്ത് തെരുവുകച്ചവടം നടത്താൻ അനുവദിക്കൂ, സർട്ടിഫിക്കറ്റ് സ്റ്റാളിൽ പ്രദർശിപ്പിച്ചിരിക്കണം തുടങ്ങിയവ കർശനമാക്കാനും തീരുമാനിച്ചു. നിരീക്ഷണ സമിതിയുടെ പരിശോധനയിൽ ഇക്കാര്യങ്ങളിൽ പലതും ലംഘിക്കപ്പെട്ടതായി കണ്ട പശ്ചാത്തലത്തിലാണ് തീരുമാനം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തെരുവുകച്ചവടത്തിൻെറ മറവിൽ നടക്കുന്നുണ്ടോയെന്നത് സംബന്ധിച്ച് കോടതി നിർദേശ പ്രകാരം കമീഷണർ നടത്തിയ അന്വേഷണത്തിൻെറ റിപ്പോർട്ട് മുദ്രവെച്ച കവറിൽ കോടതിക്ക് സമർപ്പിച്ചു. വ്യവസ്ഥകൾ ലംഘിച്ച 22 ഷോപ്പുടമകളുടെ പേരും നൽകിയിട്ടുണ്ട്. തെരുവുകച്ചവടവുമായി ബന്ധപ്പെട്ട് നിർബന്ധമായും ഉണ്ടായിരിക്കേണ്ട രേഖകൾ നോട്ടീസ് നൽകി ഇവരിൽനിന്ന് വിളിച്ചുവരുത്തി പരിശോധിക്കണമെന്ന് കോടതി കലക്ടർക്ക് നിർദേശം നൽകി. അവരെകൂടി കേട്ട ശേഷം മാർച്ച് 18നകം ഇത് സംബന്ധിച്ച് കോടതിയിൽ റിപ്പോർട്ട് നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.