ക്രിസ്മസ്​ രാത്രിയിലെ സംഘർഷം: ജാമ്യം ലഭിച്ച 123 തൊഴിലാളികളെ കിറ്റെക്സ് തിരിച്ചെടുക്കുന്നു

കിഴക്കമ്പലം: കഴിഞ്ഞ ക്രിസ്​മസ് രാത്രിയിലെ സംഘർഷത്തില്‍ അറസ്റ്റിലായ 174 പേരില്‍ കോടതി ജാമ്യം അനുവദിച്ച 123 തൊഴിലാളികളെ കിറ്റെക്സ് തിരിച്ചെടുക്കുന്നു. ഇവരെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചതായി മാനേജിങ്​ ഡയറക്ടർ സാബു എം. ജേക്കബ് അറിയിച്ചു. ജോലിയില്‍ തിരിച്ചെടുക്കാൻ തടസ്സങ്ങളില്ലെന്ന്​ നിയമോപദേശം ലഭിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ പൊലീസ്​ കോടതിയില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ 123 പേര്‍ക്കെതിരെയുള്ളത്​ ഗുരുതരമല്ലാത്ത വകുപ്പുകളാണ്. തിരികെ ജോലിയില്‍ പ്രവേശിക്കുന്ന തൊഴിലാളികള്‍ക്ക് ഓരോരുത്തര്‍ക്കും 2000, അവരുടെ കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതം അടിയന്തര ധനസഹായമായി നല്‍കും. താല്‍പര്യമുള്ളവര്‍ക്ക് സൗജന്യ താമസസൗകര്യവും ഭക്ഷണവും കമ്പനിയൊരുക്കും. 2021 ഡിസംബര്‍ 25ന് നടന്ന അക്രമ സംഭവത്തില്‍ നിരപരാധികളായ തൊഴിലാളികളെ അറസ്റ്റ്​ ചെയ്തിട്ടുണ്ടെന്ന് കമ്പനി നേരത്തേ ആരോപിച്ചിരുന്നു. ഇക്കാര്യം കോടതിക്കുകൂടി ബോധ്യപ്പെട്ട സാഹചര്യത്തിലാണ് 123 തൊഴിലാളികള്‍ക്ക് ജാമ്യം ലഭിച്ചതെന്നും സാബു ജേക്കബ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.