ആത്മഹത്യ ഭീഷണിയുമായി യുവതി ടവറിന് മുകളിൽ; കടന്നൽ കുത്തേറ്റ്​ തിരികെയിറങ്ങി

കായംകുളം: ആത്മഹത്യ ഭീഷണിയുമായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവതി കടന്നൽ കൂട്ടത്തിന്‍റെ ആക്രമണത്തിൽ പിടിച്ചുനിൽക്കാനാകാതെ താഴേക്ക് ചാടി രക്ഷപ്പെട്ടു. തമിഴ്നാട് സ്വദേശി അമ്പുറോസിയാണ് (23) നാടിനെ ഒരു മണിക്കൂർ മുൾമുനയിൽനിർത്തിയത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന്​ കായംകുളം ബി.എസ്.എൻ.എൽ ഓഫിസ് വളപ്പിലായിരുന്നു സംഭവം. ശുചിമുറി അന്വേഷിച്ച് എത്തി ടവറിന് മുകളിലേക്ക് കയറി പോകുന്നത് യാദൃച്ഛികമായാണ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. വിവരം അറിഞ്ഞതനുസരിച്ച് അഗ്നിരക്ഷാസംഘവും പൊലീസും കുതിച്ചെത്തി. പരിസരവാസികളും തടിച്ചുകൂടി. തുടർന്ന് ടവറിന് ചുറ്റും വലവിരിച്ച് അഗ്നിരക്ഷ സംഘം രക്ഷാദൗത്യവും സജീവമാക്കി. ഭർത്താവ് കൊണ്ടുപോയ മൂന്നര വയസ്സുള്ള കുഞ്ഞിനെ തിരികെ കിട്ടണമെന്നായിരുന്നു ആവശ്യം. ഇതിന് നടപടി സ്വീകരിക്കാമെന്ന് മൈക്കിലൂടെ പൊലീസ് അറിയിച്ചെങ്കിലും കൂടുതൽ ഉയരത്തിലേക്ക് തന്നെ ഇവർ കയറിയതോടെ കാര്യങ്ങൾ കൈവിടുമെന്ന സ്ഥിതിയായി. ഇതിനിടെയാണ് അപ്രതീക്ഷിതമായി കടന്നൽക്കൂട്ടം ഇളകി ഇവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. ഇതോടെ അലറിക്കരഞ്ഞ് താഴേക്ക് ഇറങ്ങുകയായിരുന്നു. യുവതിയെ കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽനിന്നും കുപ്പിയിൽ സൂക്ഷിച്ച പെട്രോളും കണ്ടെടുത്തു. മുകളിൽ കയറി പെട്രോൾ ഒഴിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് കരുതുന്നത്. ചിത്രം: കായംകുളം ബി.എസ്.എൻ.എൽ ഓഫിസിലെ ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവതിയെ കടന്നൽ ആക്രമണത്തിൽനിന്നും രക്ഷപ്പെടുത്താനുള്ള ശ്രമം 2 ടവറിൽ നിന്നിറങ്ങുന്ന യുവതി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.