കൗണ്‍സിലറുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം

പെരുമ്പാവൂര്‍: വീട്ടമ്മയെ അപമാനിച്ച കേസില്‍ കൗണ്‍സിലറുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധമുയരുന്നു. സ്ഥലത്തിന് അഡ്വാന്‍സ് കൊടുത്ത പണം ചോദിച്ചെത്തിയ വീട്ടമ്മയെ മര്‍ദിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത നഗരസഭ 23ാം വാര്‍ഡ് കൗണ്‍സിലര്‍ പി.എസ്. അഭിലാഷി‍ൻെറ അറസ്റ്റ് വൈകുന്നതില്‍ കോണ്‍ഗ്രസ്, ചക്ലിയ മഹാസഭ, ബി.ജെ.പി ഉള്‍പ്പെടെയുള്ള സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. അഭിലാഷിന്റെ മാതാവിന്റെ പേരില്‍ കാഞ്ഞിരക്കാട് കടുവാളിലെ വീടും സ്ഥലവും വാങ്ങുന്നതിന് 2018ല്‍ വീട്ടമ്മ 50,000 അഡ്വാന്‍സ് നല്‍കിയിരുന്നു. ഇതിനിടെ അപേക്ഷിച്ച ലോണ്‍ ലഭിക്കാതെ വന്നതോടെ ബാക്കി പണം നല്‍കാന്‍ വീട്ടമ്മക്കായില്ല. തുടര്‍ന്ന് അഡ്വാന്‍സ് തുക തിരിച്ചു കൊടുക്കാമെന്ന് അഭിലാഷ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ഇത് പാലിക്കപ്പെട്ടില്ല. തിങ്കളാഴ്ച രാത്രി പണത്തിന് എത്തിയപ്പോള്‍ അഭിലാഷ് മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്‌തെന്നാണ് കേസ്. ചക്ലിയ മഹാസഭ നേതാക്കള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കി. പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉൾപ്പെടെയുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.