യാത്രരേഖകളിൽ സംശയം; ആന്ധ്ര സംഘത്തിന്റെ വിദേശയാത്ര തടഞ്ഞു

നെടുമ്പാശ്ശേരി: യാത്രരേഖകളിൽ സംശയം തോന്നിയതിനെത്തുടർന്ന് ആന്ധ്രപ്രദേശിൽനിന്നുള്ള 12 അംഗ സംഘത്തിന്റെ മസ്കത്ത് യാത്ര തടഞ്ഞു. 11 സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘം എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിൽ പോകാനാണ്​ കൊച്ചി വിമാനത്താവളത്തിൽ എത്തിയത്. ഇവരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റും തിരികെയുള്ള യാത്രടിക്കറ്റും പരിശോധിച്ചപ്പോൾ ചില അപാകത കണ്ടെത്തുകയായിരുന്നു. വിസിറ്റിങ് വിസയാണ്​ ഇവരുടെ കൈവശം ഉണ്ടായിരുന്നത്. വിസിറ്റിങ് വിസയിൽ അവിടെയെത്തിയശേഷം അനധികൃതമായി ജോലി ചെയ്യാനാണോ ഇവർ ലക്ഷ്യമിട്ടതെന്നും സംശയിക്കുന്നു. യാത്ര വിലക്കിയ എമിഗ്രേഷൻ അധികൃതർ ഇവരെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. സംഘത്തിന്‍റെ കൈവശമുള്ള യാത്രരേഖകൾ സംബന്ധിച്ച്​ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്ന്​ നെടുമ്പാശ്ശേരി സി.ഐ പി.എം. ബൈജു അറിയിച്ചു. വ്യാജമാണെന്ന് കണ്ടെത്തിയാൽ കേസെടുക്കും. വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കി നൽകിയവരിലേക്ക്​ ഉൾപ്പെടെ അന്വേഷണവും വ്യാപിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.