'സേതുരാമയ്യർ'ക്ക്​ പ്രചോദനമായ വീട് സ്മാരകമാകുന്നു

ഫോർട്ട്​കൊച്ചി: ലോകസിനിമയിൽ ഒരു പുതുചരിത്രം കുറിച്ച് 'സി.ബി.ഐ ഡയറി കുറിപ്പി'ന്‍റെ അഞ്ചാം​ ഭാഗവും പുറത്തിറങ്ങിയപ്പോൾ, സിനിമയിലെ നായകൻ 'സേതുരാമയ്യർ'ക്ക്​ പ്രചോദനമായിരുന്ന വീട് സ്മാരകമാകുന്നു. മമ്മൂട്ടിയുടെ ഈ കഥാപാത്രത്തിന് പ്രചോദനമായത് അദ്ദേഹത്തിന്‍റെ മഹാരാജാസ് കോളജിലെ സഹപാഠിയും സുഹൃത്തുമായിരുന്ന ഫോര്‍ട്ട്​കൊച്ചിക്കാരന്‍ രാധാ വിനോദ് രാജു എന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്നു. 'സേതുരാമയ്യ'രുടെ ചേഷ്ടകളില്‍ ചിലത് മമ്മൂട്ടി കടം കൊണ്ടത് രാധാ വിനോദ് രാജുവില്‍ നിന്നായിരുന്നെന്നും പറയപ്പെടുന്നു. ദേശീയ കുറ്റാന്വേഷണ ഏജൻസിയായ എന്‍.ഐ.എയുടെ ആദ്യ ചീഫായിരുന്നു രാധാ വിനോദ് രാജു. രാജീവ് ഗാന്ധി വധക്കേസ് അടക്കം നിരവധി കേസുകൾ അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തി. സിനിമയിൽ സേതുരാമയ്യരായി അഭിനയിക്കുന്നതിനു മുമ്പ്​ മമ്മൂട്ടി രാധാ വിനോദുമായി കുറ്റാന്വേഷണ രീതികൾ സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ വിശകലനം ചെയ്തിരുന്നതായും പറയുന്നുണ്ട്. ഫോർട്ട്​കൊച്ചി അമരാവതിയിലാണ് രാധാ വിനോദ് രാജു ജനിച്ചുവളർന്നത്. ഈ വീട് ഇപ്പോള്‍ ഫോര്‍ട്ട്കൊച്ചി സഹകരണ സംഘം വിലയ്​ക്ക് വാങ്ങി സംഘത്തിന്‍റെ ഓഫിസായി പ്രവർത്തിക്കുകയാണ്. ഏർപ്പെട്ട മേഖലയിലെല്ലാം കഴിവ് തെളിയിച്ച രാധാ വിനോദ് രാജുവിനോടുള്ള ആദരസൂചകമായി തറവാട് വീട് സ്മാരകമാക്കി മാറ്റാനുള്ള നീക്കത്തിലാണ് തങ്ങളെന്ന് സഹകരണ സംഘം പ്രസിഡൻറും മുൻ മേയറുമായ കെ.ജെ. സോഹൻ പറഞ്ഞു. അതിനുള്ള സർക്കാർ നടപടികൾ പൂർത്തിയായി വരികയാണ്​. 1988ലാണ് മലയാള കുറ്റാന്വേഷണ ചലച്ചിത്ര രംഗത്ത് ഒരു നൂതന ആശയവുമായി 'ഒരു സി.ബി.ഐ ഡയറിക്കുറുപ്പ്' എന്ന സിനിമ പുറത്തിറങ്ങിയത്. സിനിമ വൻ വിജയമായതോടെ നാല് ഭാഗങ്ങൾ കൂടി പിറന്നു. അഞ്ചിലും ഒരേ നായകൻ, ഒരേ സംവിധായകൻ,ഒരേ തിരക്കഥാകൃത്ത് എന്നതാണ് പ്രത്യേകത. -എം.എം. സലീം ചിത്രം: 1 രാധാ വിനോദ് രാജു. ചിത്രം: രാധാവിനോദ് രാജുവിന്‍റെ തറവാട് വീട് ഇപ്പോൾ ഫോർട്ട്​കൊച്ചി സഹകരണ സംഘം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.