വീട്ടമ്മയോട് അപമര്യാദയായി പെരുമാറി; കൗണ്‍സിലര്‍ക്കതിരെ കേസ്

പെരുമ്പാവൂര്‍: പണം ചോദിച്ച് വീട്ടിലെത്തിയ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ക്കതിരെ പൊലീസ് കേസെടുത്തു. നഗരസഭ 23ാം വാര്‍ഡ് മെംബറും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ പി.എസ്. അഭിലാഷിന് എതിരെയാണ് പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തത്. അഭിലാഷിന്റെ മാതാവിന്റെ പേരില്‍ കടുവാളിലുള്ള വീടും സ്ഥലവും വാങ്ങാന്‍ പരാതിക്കാരി നാല് വര്‍ഷം മുമ്പ് മൊത്തം തുകയില്‍ 50,000 രൂപ അഡ്വാന്‍സ് നല്‍കിയിരുന്നതായി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ബാക്കി തുക ബാങ്കില്‍നിന്നും ലോണ്‍ കിട്ടിയശേഷം നല്‍കാമെന്നായിരുന്നു കരാര്‍. 2018ലെ പ്രളയ സമയത്താണ് ബാങ്കുകാര്‍ ഈടുവസ്തുവിന്റെ പരിശോധനക്കെത്തിയത്. ഈ സമയത്ത് വീട് വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു. ഇതോടെ ബാങ്ക് ലോണ്‍ നിഷേധിക്കുകയായിരുന്നു. കച്ചവടം മുടങ്ങിയതിനെ തുടര്‍ന്ന് വീട് വില്‍ക്കുന്ന മുറക്ക് പണം തിരിച്ചു കൊടുക്കാമെന്നായിരുന്നു അഭിലാഷിന്റെ വാഗ്ദാനം. ഇതിനിടെ പല അവധികള്‍ പറഞ്ഞു. വീട് വിറ്റതായി അറിഞ്ഞതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി 7.30ന് അഭിലാഷിന്റെ താമസ്ഥലത്ത് ചെന്നതായി സ്ത്രീ പറയുന്നു. അഭിലാഷ് ഇല്ലെന്ന മാതാവിന്റെ മറുപടിയെ തുടര്‍ന്ന് കാത്തിരുന്നു. രാത്രി 11.45ന് പുറത്തിറങ്ങി വന്നപ്പോള്‍ കാര്യങ്ങള്‍ സംസാരിക്കാമെന്ന് പറഞ്ഞ് ഇരുട്ടുള്ള സ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോയി. സംസാരിക്കുന്നതിനിടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചു. ഓടിമാറി വിവരം അഭിലാഷിന്റെ ഭാര്യയോടും അമ്മയോടും പറഞ്ഞപ്പോള്‍ നടുവിന് ചവിട്ടി വീഴ്ത്തിയതായും പരാതിയിൽ പറയുന്നു. മൊബൈല്‍ ഫോണ്‍ തകര്‍ത്തതായും ആശുപത്രി ചീട്ടുകള്‍ വലിച്ചു കീറിയതായും 44 വയസ്സുള്ള വീട്ടമ്മ നല്‍കിയ മൊഴിയിലുണ്ട്. സംഭവത്തില്‍ സ്ത്രീയെ അപമാനിക്കല്‍, പണം വാങ്ങിയത് തിരികെ കൊടുക്കാതെ കബളിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.