റമദാന്റെ അവസാന നാളുകൾക്ക് പ്രാർഥനകളോടെ വിട നൽകി കുട്ടിക്കൂട്ടം

കീഴ്മാട്: വിശ്വാസികളുടെ ഹൃദയാന്തരങ്ങളിലേക്ക് വിശുദ്ധിയുടെ കുളിർക്കാറ്റുമായി വന്ന വിശുദ്ധ റമദാന്റെ അവസാന രാവുകൾക്ക് പ്രാർഥനകളോടെ വിട നൽകുകയാണ് കുട്ടിക്കൂട്ടം. കുട്ടമശ്ശേരി സലഫി മസ്ജിദിലാണ് റമദാന്റെ ശ്രേഷ്ഠമായ അവസാന പത്ത് ദിവസങ്ങളിലെ രാത്രികളിൽ വിവിധ പ്രായത്തിലുള്ള കുട്ടിക്കൂട്ടം പ്രാർഥനകളിൽ മുഴുകിയിരുന്നത്. രാത്രി പത്ത് മണിയോടെ മാതാപിതാക്കളോടൊപ്പവും അല്ലാതെയും എത്തുന്ന ഇവർ ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിച്ച് രാത്രിയുടെ അന്ത്യയാമങ്ങളിൽ ഖുർആൻ പാരായണം ചെയ്തും ഖിയാമു ലൈൽ (രാത്രി നമസ്കാരം) നിർവഹിച്ചും പ്രാർഥനകളിലായിരുന്നു. ഖുർആൻ പാരായണത്തിനും പ്രാർഥനകൾക്കും ചെറിയ മയക്കത്തിനും ശേഷം രാത്രി മൂന്നു മണിക്കുള്ള ഖിയാമുലൈൽ നമസ്കാരത്തിനും കുട്ടികൾ സജീവമായിരുന്നു. ഇവർക്ക് നിർദേശങ്ങളും അറിവുകളും പകർന്ന് സലഫി മസ്ജിദ് ചീഫ് ഇമാം ഫൈസൽ വലിയകത്തും, അംജദും കുട്ടികളുടെ കൂടെ ഉണ്ടായിരുന്നു. രാത്രി നമസ്കാരത്തിന് നേതൃത്വം നൽകിയതാവട്ടെ ഹാഫിള് വിദ്യാർഥി 13 കാരൻ മുഹമ്മദ് ആദിലാണ്. 13 കാരൻ നേതൃത്വം നൽകിയ രാത്രി നമസ്കാരങ്ങൾക്ക് സ്ത്രീകൾ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു. വിശുദ്ധ റമദാന്റെ അവസാന പത്തിൽ ഇഅ്തികാഫിന് എത്തുന്ന കുട്ടികളും മുതിർന്നവർ ഉൾപ്പെടെയുള്ളവർക്ക്​ ഇടയത്താഴത്തിന് ഭക്ഷണവും മസ്ജിദ് പ്രസിഡന്റ് ജമാലുദ്ദീൻ, മുജീബ് എന്നിവവരുടെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു. സുബ്ഹി നമസ്കാരവും കഴിഞ്ഞാണ് കുട്ടിക്കൂട്ടം വീടുകളിലേക്ക് തിരിച്ച് പോകുന്നത്. ക്യാപ്ഷൻ ea yas7 kuttikal കുട്ടമശ്ശേരി സലഫി മസ്ജിദിൽ ഇഅ്തികാഫ് ഇരിക്കുന്ന കുട്ടികൾക്ക് നിർദേശങ്ങൾ നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.