കോലഞ്ചേരി ടൗണിലെ ഗതാഗതക്കുരുക്ക്: കർശന നടപടിയുമായി പൊലീസ്

കോലഞ്ചേരി: ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പൊലീസ് നടപടി കർശനമാക്കുന്നു. ഇതുസംബന്ധിച്ച് 'മാധ്യമം' കഴിഞ്ഞ ദിവസം നൽകിയ വാർത്തയെത്തുടർന്നാണ് നടപടി. ആദ്യപടിയായി കോലഞ്ചേരി ടൗണിൽ ദേശീയപാതയുടെ ഇരുവശത്തുമുള്ള അനധികൃത പാർക്കിങ്ങിനെതിരെ കർശന നടപടി ആരംഭിക്കുമെന്ന് പുത്തൻകുരിശ് എസ്.എച്ച്.ഒ ടി.എസ്. ദിലീഷ് പറഞ്ഞു. റോഡ് മാർജിനിൽ അനധികൃതമായി വാഹനം പാർക്ക് ചെയ്ത ശേഷം വിവിധ സ്ഥലങ്ങളിലേക്ക് ജോലിക്കും മറ്റും പോകുന്നത് പതിവായിട്ടുണ്ട്. ഇതുമൂലം പൊതു ഗതാഗതത്തിനും വാണിജ്യ ആവശ്യങ്ങൾക്കുംവേണ്ടി കോലഞ്ചേരി ടൗണിലേക്ക് വരുന്നവർക്കും ദുരിതമാണ്. കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലേക്ക് എത്തുന്ന അംബുലൻസുകളും രോഗികളും ഗതാഗതക്കുരുക്കിൽ കുടുങ്ങുന്നതും പതിവാണ്. ടൗണിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളാണ് ഇതിന് പ്രധാന കാരണം. കൂടാതെ, കാൽനടക്കാർക്കും സൈക്കിൾ യാത്രികർക്കും സ്കൂൾ കുട്ടികൾക്കും സുഗമമായി യാത്ര ചെയ്യാൻ കഴിയാത്ത തരത്തിൽ സ്ഥിരമായി ദേശീയപാതയിലെ റോഡ് മാർജിനിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കും. സ്ഥിരമായി പൊതുഗതാഗതത സംവിധാന ലംഘനം ഉണ്ടാക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിന് ആർ.ടി.ഒ.ക്ക് ശിപാർശ ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.