പതിറ്റാണ്ടുകളായി കൃഷി ചെയ്യുന്ന വനസ്വഭാവമില്ലാത്ത ഭൂമി പരിസ്ഥിതിദുർബല മേഖലയുടെ പരിധിയിൽ വരില്ല -ഹൈകോടതി

കൊച്ചി: പതിറ്റാണ്ടുകളായി കൃഷിക്ക്​​ ഉപയോഗിക്കുന്നതും വനത്തിന്‍റെ സ്വഭാവമില്ലാത്തതുമായ ഭൂമിയെ പരിസ്ഥിതിദുർബല മേഖലയുടെ പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്ന്​ ഹൈകോടതി. അതിരുകൾ വനത്തോടുചേർന്ന്​ സ്ഥിതി ചെയ്യുന്നതും വന്യജീവികളുടെ സാന്നിധ്യമുള്ളതും വിലയിരുത്തി വനഭൂമിയായോ ലോലമേഖലയായോ ഇത്​ പ്രഖ്യാപിക്കാനാകില്ലെന്ന്​ ജസ്റ്റിസ്​ പി.ബി. സുരേഷ്​ കുമാർ, ജസ്റ്റിസ്​ സി.എസ്.​ സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ വ്യക്തമാക്കി. 1970 മുതൽ കൃഷി ചെയ്തുവരുന്ന തലശ്ശേരി സ്വദേശികളായ എസ്​. രവീന്ദ്രനാഥ്​ പൈയുടെയും മക്കളുടെയും പേരിലുള്ള വയനാട്​ മാനന്തവാടി താലൂക്കിലെ 30 ഏക്കറിൽ 15 ഏക്കർ (6.0720) വനഭൂമിയായതിനാൽ പരിസ്ഥിതിദുർബല പ്രദേശമായി പ്രഖ്യാപിച്ച സർക്കാർ നടപടി റദ്ദാക്കിയാണ്​ ഡിവിഷൻ ബെഞ്ചിന്‍റെ നിരീക്ഷണം. സർക്കാർ ഉത്തരവ്​ ചോദ്യം ചെയ്ത്​ നൽകിയ ഹരജി പരിസ്ഥിതിദുർബല ഭൂപ്രദേശങ്ങൾ സംബന്ധിച്ച കേസുകൾ പരിഗണിക്കുന്ന കോഴിക്കോട്ടെ ട്രൈബ്യൂണൽ 2010 ഡിസംബർ 31ന്​ തള്ളിയിരുന്നു. തുടർന്ന്​ അപ്പീലുമായി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. 1970 മുതൽ 30 ഏക്കറിലും ഏലം, കാപ്പി, കുരുമുളക്​, തെങ്ങ്​, കവുങ്ങ്​ തുടങ്ങിയവ കൃഷി ചെയ്​തു വരുന്നുവെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, വനഭൂമിയോട് ചേർന്നാണ്​ ഈ ഭൂമിയെന്നും ഏലകൃഷിയും മറ്റുമുണ്ടെങ്കിലും പശ്ചിമഘട്ടത്തിന്‍റെ ഭാഗമായ സ്വാഭാവിക പച്ചപ്പുള്ള വനഭൂമിയാണെന്നായിരുന്നു ഡിവിഷനൽ ഫോറസ്റ്റ്​ ഓഫിസറുടെ വാദം. മൂന്ന്​ വശത്തും വനഭൂമിയാണ്​. വന്യജീവികളുടെ സഞ്ചാരമുള്ള സ്ഥലമാണെന്നും ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ്​ ട്രൈബ്യൂണൽ ഉത്തരവുണ്ടായതെന്നും ചൂണ്ടിക്കാട്ടി. ട്രൈബ്യൂണൽ ചെയ്തതുപോലെ അഭിഭാഷക കമീഷനെയും സഹായിയായ വിദഗ്​ധനെയും പരിശോധനക്കായി ഹൈകോടതിയും ചുമതലപ്പെടുത്തി. കേരള ഭൂപരിഷ്കരണ നിയമപ്രകാരം ഉടമസ്ഥാവകാശമുള്ള ഭൂമിയാണിതെന്നതിന്​ രേഖകൾ ഉ​ണ്ടെന്നും ശേഷിക്കുന്ന ഉടമസ്ഥാവകാശമുള്ള ഭൂമിയിൽനിന്ന്​ വ്യത്യസ്ത സ്വഭാവത്തിലുള്ളതല്ല സർക്കാർ ഉത്തരവിറക്കിയ ഭൂമിയെന്നും കോടതി കണ്ടെത്തി. 30 വർഷം മുമ്പേ ഭൂമി ഒരുക്കി കൃഷി നടത്താൻ കലക്ടർ അനുമതി നൽകിയിട്ടുണ്ട്​. ഇവരുടെ കൈവശരേഖകൾ സംബന്ധിച്ച്​ അധികൃതർക്ക്​ തർക്കവുമില്ല. വീടുകളും പമ്പ്​ഹൗസുകളും സ്​റ്റോർ റൂമുകളും പഴക്കം ചെന്ന കൃഷി വിളകളുമുള്ള ഭൂമി വർഷങ്ങളായി കൃഷി ഭൂമിയാണെന്ന്​ തെളിയിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഇതിന്‍റെ അടിസ്ഥാനത്തിലാണ്​ ട്രൈബ്യൂണൽ ഉത്തരവ്​ കോടതി റദ്ദാക്കിയത്​. പതിറ്റാണ്ടുകളായി കൃഷി നടത്തി വരുന്ന ഭൂമി വനനിയമപ്രകാരം വനത്തിന്‍റെ നിർവചനത്തിൽ വരില്ലെന്ന്​ കോടതി ചൂണ്ടിക്കാട്ടി. വനഭൂമിയല്ലാത്തതിനാൽ പരിസ്ഥിതിദുർബല പ്രദേശമെന്ന നിലയിൽ കണക്കാക്കാനുമാവില്ല. വർഷങ്ങളായി കൃഷി നടത്തുന്ന ഭൂമി അതിന്‍റെ സ്വഭാവംകൊണ്ട്​ ​തിരിച്ചറിയാനാകുമെന്നും കോടതി നിരീക്ഷിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.