ഹൂതി വിമതർ മാന്യമായി​ പെരുമാറിയെന്ന്​ അഖിൽ

ഹരിപ്പാട്: ഹൂതി വിമതർ മാന്യമായാണ്​ പെരുമാറിയതെന്ന്​ ചേപ്പാട് ചിറയിൽ പടീറ്റതിൽ അഖിൽ. ഹൂതി വിമതരുടെ തടവിൽനിന്ന്​ മോചിതനായ അഖിൽ ചൊവ്വാഴ്ച രാത്രിയാണ്​ നാട്ടിലെത്തിയത്​. ജനുവരി രണ്ടിനാണ് യമനിലെ സുഖോത്ര ദ്വീപിൽനിന്ന് സൗദിയിലെ ജസ്വാം തുറമുഖത്തേക്ക് പോയ യു.എ.ഇ പതാക വാഹക ചരക്കുകപ്പലായ റ്വാബീ എന്ന കപ്പൽ ഹൂതികൾ തട്ടിയെടുത്തത്. കപ്പലിലെ കാഡറ്റായിരുന്നു അഖിൽ. ബോട്ടിൽ എത്തിയ ഹൂതി വിമതർ കപ്പലിൽ കയറി നിറയൊഴിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കപ്പൽ തട്ടിയെടുത്തത്. കപ്പൽ ജീവനക്കാർ എല്ലാവർക്കും കീഴടങ്ങേണ്ടിവന്നു. യമന്റെ സമുദ്ര അതിർത്തി ലംഘിച്ചു എന്ന്​ പറഞ്ഞാണ് ഇവർ പിടികൂടിയത്. തീരത്ത് ജീവനക്കാരെ ഹോട്ടൽ മുറികളിലാണ് താമസിപ്പിച്ചത്. ഒരു മുറിയിൽ നാലുപേരെ വീതമാണ് പാർപ്പിച്ചത്. ഭക്ഷണവും വെള്ളവും കൃത്യമായി നൽകിയിരുന്നു. ഫോൺ വിളിക്കാൻ ആദ്യം അനുവദിച്ചിരുന്നില്ല. പിന്നീട് പരിമിതമായ സമയം അതും അനുവദിച്ചു. ശത്രു രാജ്യത്തെ പൗരന്മാർ അല്ല എന്നറിഞ്ഞതോടെ സ്ഥിതിയിൽ മാറ്റമുണ്ടായി. ആഫ്രിക്കൻ രാജ്യമായ റിപ്പബ്ലിക് ഓഫ് ഡിബൂത്തിയിലെ ഇന്ത്യൻ അംബാസഡർ ചന്ദ്രമൗലിയുടെ ഇടപെടലാണ് വീടുതലിനു സഹായകമായതെന്ന്​ അഖിൽ പറഞ്ഞു. വീട്ടിലെത്തിയ അഖിലിനെ മാതാവ് ശുഭ സന്തോഷാശ്രുക്കളോടെയാണ് സ്വീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.