ഹൂതി വിമതരുടെ തടങ്കലിൽനിന്ന്​ അഖിലും ശ്രീജിത്തും ആശ്വാസതീരത്ത് പറന്നിറങ്ങി

നെടുമ്പാശ്ശേരി: യമനിലെ ഹൂതി വിമതരുടെ തടങ്കലിൽനിന്ന് മോചിതരായ അഖിലും ശ്രീജിത്തും ആശ്വാസതീരത്തേക്ക് പറന്നിറങ്ങി. മരണം മുന്നിൽക്കണ്ട് മാസങ്ങളായി തടങ്കലിൽ കഴിഞ്ഞിരുന്ന ഇരുവർക്കും നാടണയാനായപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. ഇരുവരും ചൊവ്വാഴ്ച രാത്രി ഇൻഡിഗോ വിമാനത്തിലാണ് നെടുമ്പാശ്ശേരിയിൽ എത്തിയത്. ഇരുവരെയും കുടുംബാംഗങ്ങളെത്തി സ്വീകരിച്ചു. ജനുവരി രണ്ടിനാണ് ഹൂതി വിമതസേന യു.എ.ഇ ചരക്ക് കപ്പൽ തട്ടിയെടുത്തത്. 11 കപ്പൽ ജീവനക്കാർ ബന്ദികളാക്കപ്പെട്ടു. ഇതിൽ മലയാളികളായ ആലപ്പുഴ ചേപ്പാട് സ്വദേശി അഖിലും കോട്ടയം സ്വദേശി ശ്രീജിത്തും കോഴിക്കോട് സ്വദേശി ദിപാഷും ഉൾപ്പെടെ ഏഴ് ഇന്ത്യക്കാർ ഉണ്ടായിരുന്നു. ഇന്ത്യൻ എംബസി യമൻ എംബസിയുമായി ചർച്ച നടത്തിയതിനെത്തുടർന്ന് ഞായറാഴ്ചയാണ് ഇവരുടെ മോചനം സാധ്യമായത്. യമനിൽനിന്ന് മസ്‌കത്തിൽ എത്തിയ സംഘം തുടർന്ന് ഡൽഹിയിലെത്തിയശേഷം നാട്ടിലേക്ക് തിരിക്കുകയായിരുന്നു. ഹരിപ്പാട് ചേപ്പാട് ഏവൂർ ചിറയിൽ പടീറ്റതിൽ രഘുവിന്‍റെയും ശുഭയുടെയും മകനാണ് അഖിൽ. കപ്പലിലിലെ സെക്കൻഡ് എൻജിനീയറാണ്. അഖിലിനെ സ്വീകരിക്കാൻ ഭാര്യ ജിതിന, അച്ഛൻ രഘു എന്നിവർ വിമാനത്താവളത്തിലെത്തിയിരുന്നു. യു.എ.ഇക്കാരാണെന്ന് കരുതിയാണ് തങ്ങളെയും ഹൂതി വിമതർ ബന്ദികളാക്കിയതെന്ന് അഖിൽ പറഞ്ഞു. ഫോൺ ചെയ്യാൻ അനുവദിച്ചുവെന്നും ഉപദ്രവമൊന്നും ഉണ്ടായില്ലെന്നും അഖിലും ശ്രീജിത്തും പറഞ്ഞു. യമനിലെ സുഖോത്ര ദ്വീപിൽനിന്ന് സൗദി അറേബ്യയിലെ ജസ്വാം തുറമുഖത്തേക്ക് മെഡിക്കൽ ഉപകരണങ്ങളുമായി പോയ റ്വാബീ എന്ന ചരക്കുകപ്പലാണ് ഹൂതികൾ തട്ടിയെടുത്തത്. ഇതിലെ ജീവനക്കാരായിരുന്നു അഖിലും മറ്റും. അഖിൽ യുക്രെയ്​നിൽ മെഡിക്കൽ വിദ്യാർഥിനിയായ ഭാര്യ ജിതിനയുമായി ഓൺലൈനിൽ സംസാരിച്ചിരിക്കെയാണ് ഹൂതികൾ കപ്പൽ തട്ടിയെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.