കൃഷിയിൽ നൂറുമേനി നേട്ടവുമായി ജില്ല

കൊച്ചി: കൃഷിയിടത്തിൽ വിപ്ലവം സൃഷ്ടിച്ച്​ ജില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയില്‍ 1,48,801 ഹെക്ടര്‍ ഭൂമിയിൽ​ കൃഷിയിറക്കി തരിശ് കൃഷിയിലൂടെ 256 ഹെക്ടര്‍ സ്ഥലത്തെ കൃഷി ഭൂമി വീണ്ടെടുത്തു. 7000 ഹെക്ടറോളം വരുന്ന പ്രദേശത്ത് ജൈവകൃഷി വ്യാപിപ്പിക്കാനും കഴിഞ്ഞു. വിവിധയിനങ്ങളിലായി 3,22,034 ടണ്ണിലധികം വിളവായിരുന്നു കര്‍ഷകര്‍ നേടിയത്. ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7000 ഹെക്ടര്‍ വിസ്തൃതിയുള്ള പ്രദേശത്താണ് ജൈവ കൃഷി നടപ്പാക്കിയത്. പച്ചക്കറി വികസന പദ്ധതിയില്‍പ്പെടുത്തി സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങളിലെ തരിശു സ്ഥലങ്ങളില്‍ ജൈവ കൃഷി വ്യാപിപ്പിക്കാനും കൃഷി വകുപ്പിന്​ കഴിഞ്ഞു. മുന്‍ വര്‍ഷങ്ങളിലെ പോലെ റബര്‍ കൃഷി തന്നെയായിരുന്നു ഇക്കുറിയും മുന്നില്‍. 60,170 ഹെക്ടര്‍ സ്ഥലത്താണ് റബര്‍ കൃഷിയുള്ളത്. 39,275 ഹെക്ടര്‍ ഭൂമിയിലെ നാളികേര കൃഷിയാണ് രണ്ടാംസ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം 17 കോടിയിലധികം തേങ്ങയായിരുന്നു ജില്ലയില്‍ നിന്നുമാത്രം ലഭിച്ചത്. 5224 ഹെക്ടര്‍ പ്രദേശത്തായിരുന്നു നെല്‍കൃഷി ചെയ്തത്. ഇതില്‍ 185 ഹെക്ടറോളം സ്ഥലത്ത് തരിശ് ഭൂമിയില്‍ കൃഷിയിറക്കി തിരിച്ചു പിടിക്കുകയായിരുന്നു. 14627.2 ടണ്‍ നെല്ലാണ് ഉല്‍പാദിപ്പിച്ചത്. വിവിധയിനം കിഴങ്ങുവര്‍ഗങ്ങളില്‍നിന്ന്​ 1,09,900 ടണ്‍ വിളവ്​ ലഭിച്ചു. ആകെ 5495 ഹെക്ടര്‍ ഭൂമിയിലായിരുന്നു മരച്ചീനി ഉൾപ്പെടെ വിവിധയിനം കിഴങ്ങുകളുടെ കൃഷി നടന്നത്. 35 ഹെക്ടര്‍ ഭൂമിയില്‍ നടത്തിയ പയര്‍ വര്‍ഗങ്ങളുടെ കൃഷിയില്‍നിന്ന് 10.28 ടണ്‍ വിളവും ലഭിച്ചു. 9632 ഹെക്ടറിലെ വാഴകൃഷി, 5375 ഹെക്ടറിലെ പൈനാപ്പിള്‍ കൃഷി എന്നിവയില്‍നിന്നും 77056 ടണും 58571 ടണും വിളവെടുക്കാന്‍ കഴിഞ്ഞു. വന്‍തോതില്‍ കൃഷി നടത്തുന്ന വാഴ, പൈനാപ്പിള്‍ തുടങ്ങിയവക്ക്​ പുറമേ 23,290 ടണ്‍ ഫലവര്‍ഗങ്ങളായിരുന്നു ജില്ലയില്‍ ഉല്‍പാദിപ്പിച്ചത്. സംസ്ഥാനത്തിന് ഏറ്റവുമധികം വിദേശനാണ്യം നേടിത്തരുന്ന കുരുമുളക്, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ക്കായി 2138 സ്ഥലത്തായിരുന്നു കൃഷി നടത്തിയത്. 1227 ടണ്‍ വിളവായിരുന്നു ലഭിച്ചത്. 2021- 2022 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ 256 ഹെക്ടര്‍ സ്ഥലത്തായിരുന്നു തരിശ് കൃഷി നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.