കാക്കനാട്: പെരിയാർ വാലി കനാൽ പുറമ്പോക്കിൽ താമസിക്കുന്ന കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള ജലസേചന വകുപ്പിന്‍റെ തീരുമാനത്തിനെതിരെ പ്രതിഷേധത്തിനൊരുങ്ങി തൃക്കാക്കര നഗരസഭ. നഗരസഭയുടെ 28ാം വാർഡിലെ ചാത്തനാഞ്ചിറ കോളനി നിവാസികളാണ് ദുരിതത്തിലായത്. ഇവിടത്തെ 17 കുടുംബങ്ങൾ ഭാവിയെന്ത് എന്നറിയാത്ത അവസ്ഥയിലാണ്. കഴിഞ്ഞ ദിവസമായിരുന്നു ഒഴിഞ്ഞു കൊടുക്കണം എന്ന് ആവശ്യപ്പെട്ട് പെരിയാർവാലി അധികൃതർ ഇവർക്ക് നോട്ടീസ് നൽകിയത്. തുടർന്ന് വെള്ളിയാഴ്ച രാവിലെ അധികൃതർ നിർമാണപ്രവർത്തനങ്ങൾക്കായി എത്തുകയായിരുന്നു. വെള്ളം പമ്പ് ചെയ്യാത്തതിനാൽ വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന കനാലിനോട് ചേർന്നായിരുന്നു ഇവരുടെ താമസം. അതിനിടെയാണ് കാക്കനാട് പുതിയൊരു ഭാഗത്തേക്ക് വെള്ളം എത്തിക്കുന്നതിനായി കനാൽ പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായാണ് ഇവർക്ക് നോട്ടീസ് നൽകിയത്. സ്വന്തമായി ഭൂമിയില്ലാത്തതിനാൽ മറ്റെങ്ങും പോകാൻ കഴിയാത്ത അവസ്ഥയിലാണ് വീട്ടുകാർ. 28 വർഷമായി ഇവിടെ കഴിയുന്ന കുടുംബങ്ങളെ പെട്ടെന്നൊരുദിവസം കുടിയൊഴിപ്പിക്കാൻ കഴിയില്ലെന്നാണ് നഗരസഭയുടെ നിലപാട്. പ്രത്യേക പാക്കേജ് ഉണ്ടാക്കി ഇവരെ പുനരധിവസിപ്പിച്ചതിന് ശേഷം മാത്രമേ കുടിയൊഴിപ്പിക്കാൻ കഴിയൂ എന്നും നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ പറഞ്ഞു. അല്ലാത്തപക്ഷം നഗരസഭ തന്നെയായിരിക്കും പ്രതിഷേധങ്ങൾക്ക് മുന്നിൽ നിൽക്കുകയെന്നും അവർ കൂട്ടിച്ചേർത്തു. ഈ വിഷയം സംബന്ധിച്ച് നേരത്തേ റവന്യൂ മന്ത്രിയുമായി നഗരസഭാധികൃതർ ചർച്ച നടത്തിയിരുന്നു. സമാന നിലപാട് തന്നെയാണ് വിഷയത്തിൽ സി.പി.എമ്മും സ്വീകരിച്ചിട്ടുള്ളത്. ഇവരെ ഒഴിപ്പിക്കാനുള്ള നടപടികളിൽനിന്ന് അധികൃതർ പിന്മാറണമെന്ന് സി.പി.എം തൃക്കാക്കര സെൻട്രൽ ലോക്കൽ കമ്മിറ്റി വ്യക്തമാക്കി. ഭൂമിയും വീടും ഇല്ലാത്തവരാണ് ഇവിടെ കഴിയുന്നതെന്നും തൃക്കാക്കര നഗരസഭ ഇവരെ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമിയും വീടും നൽകാൻ തൃക്കാക്കര നഗരസഭ ചെയർപേഴ്സനും വാർഡ് കൗൺസിലറും അനാസ്ഥ ഉപേക്ഷിക്കണമെന്ന് ലോക്കൽ സെക്രട്ടറി വി.ടി. ശിവൻ ആവശ്യപ്പെട്ടു. ഫോട്ടോ: ജലസേചന വകുപ്പ് അധികൃതർ ഒഴിയാൻ നോട്ടീസ് നൽകിയിട്ടുള്ള പെരിയാർവാലി പുറമ്പോക്കു ഭൂമിയിൽ താമസിക്കുന്നവരെ തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ, വാർഡ് കൗൺസിലർ ഷാജി വാഴക്കാല എന്നിവർ സന്ദർശിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.