വൈദ്യുതി റെഗുലേറ്ററി കമീഷൻ അംഗത്തിന്‍റെ നിയമനം: മുഖാമുഖം റദ്ദാക്കണമെന്ന ഹരജിയിൽ ഹൈകോടതി നോട്ടീസ്

കൊച്ചി: ചട്ടം മറികടന്ന് നിയമനത്തിന്​ നീക്കം നടക്കുന്നതിനാൽ കേരള വൈദ്യുതി റെഗുലേറ്ററി കമീഷൻ അംഗത്തെ നിയമിക്കാനുള്ള ഓൺലൈൻ മുഖാമുഖം റദ്ദാക്കണമെന്ന ഹരജിയിൽ ഹൈകോടതിയുടെ നോട്ടീസ്​. ഏപ്രിൽ 23ന് നടത്താൻ നിശ്ചയിച്ച മുഖാമുഖം തടയണമെന്നതടക്കം ആവശ്യമുന്നയിച്ച് കേരള ഹൈ ടെൻഷൻ ആന്‍ഡ്​ എക്സ്ട്രാ ഹൈ ടെൻഷൻ ഇൻഡസ്ട്രിയൽ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്സ് അസോസിയേഷൻ, അപേക്ഷകനായ എറണാകുളം സ്വദേശി ജോർജ് തോമസ് എന്നിവർ നൽകിയ ഹരജി ഫയലിൽ സ്വീകരിച്ച ജസ്റ്റിസ്​ വിജു എബ്രഹാം സർക്കാറും കെ.എസ്.ഇ.ബിയും അടക്കമുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് നൽകാൻ ഉത്തരവിടുകയായിരുന്നു. അതേസമയം, സെലക്​ഷൻ കമ്മിറ്റിയെ നോട്ടീസിൽനിന്ന്​ ഒഴിവാക്കി. ഓൺലൈൻ അഭിമുഖം സ്റ്റേ ചെയ്യണമെന്ന ആവശ്യം അനുവദിച്ചില്ല. വേനലവധിക്കുശേഷം ഹരജി വീണ്ടും പരിഗണിക്കാൻ മാറ്റി. കെ.എസ്.ഇ.ബിയിൽ ചീഫ് എൻജിനീയറുടെ ചുമതല വഹിച്ചിരുന്ന മുൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ബി. പ്രദീപിനെ ചട്ടങ്ങൾ മറികടന്ന്​ നിയമിക്കാനാണ്​ നീക്കമെന്ന്​ ആരോപിച്ചാണ്​ ഹരജി​. കമീഷൻ അംഗത്തെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട്​ 65 വയസ്സ്​​ വരെയുള്ളവർക്ക്​ അപേക്ഷിക്കാമെങ്കിലും 60 വയസ്സുകാ​രെപ്പോലും മുഖാമുഖത്തിന്​ ക്ഷണിച്ചില്ലെന്നും ഹരജിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.