കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സഭാ തലവന്‍സ്ഥാനം രാജിവെക്കണം -ജോയന്‍റ് ക്രിസ്ത്യന്‍ കൗണ്‍സില്‍

കൊച്ചി: സഭയെ ഭിന്നിപ്പിക്കുന്ന കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സഭാ തലവന്‍സ്ഥാനം രാജിവെക്കണമെന്ന് ജോയന്‍റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. റോമന്‍ കത്തോലിക്ക സഭയിലെ സിറോ മലബാര്‍ റീത്തില്‍ കുര്‍ബാന ഏകീകരണത്തിന്‍റെ പേരില്‍ നടക്കുന്ന ആത്മീയ കൈയേറ്റങ്ങള്‍ തീര്‍ത്തും ക്രിസ്തുവിരുദ്ധമാണെന്നും അറിഞ്ഞുകൊണ്ട് ഇത്തരം നടപടികള്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ വിശ്വാസികളുടെ രക്തം കുടിച്ചും തങ്ങളുടെ സ്വാർഥത സംരക്ഷിക്കാന്‍ നിലകൊള്ളുന്നവരുമാണ്. അധര്‍മശക്തികളായ ക്രിസ്തുവിരുദ്ധരെ ബഹിഷ്കരിച്ച് സഭയെ യഥാര്‍ഥ ആത്മീയതയിലേക്ക് തിരികെ കൊണ്ടുവരാൻ വിശ്വാസിസമൂഹം തയാറാകണമെന്നും കൗണ്‍സില്‍ കേന്ദ്രസമിതി യോഗം ആവശ്യപ്പെട്ടു. കുര്‍ബാന വിവാദത്തെത്തുടര്‍ന്ന് എറണാകുളം അങ്കമാലി അതിരൂപതയുടെ കത്തീഡ്രലായ ബസിലിക്ക ദേവാലയം കഴിഞ്ഞ അഞ്ചുദിവസമായി പൂട്ടിയിട്ടിരിക്കുകയാണെന്നത് ആഗോള കത്തോലിക്കസഭയുടെ ആത്മാവിനേറ്റ പ്രഹരമാണെന്നും കേന്ദ്രസമിതി ചൂണ്ടിക്കാട്ടി. സിറോ മലബാര്‍ സഭയുടെ പരമാധ്യക്ഷനായ വ്യക്തിതന്നെ ഇത്തരം വിഭാഗീയവും കുറ്റകരവുമായ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്നത് സഭാചരിത്രത്തില്‍ ആദ്യമാണ്. വിരമിക്കല്‍ പ്രായം പിന്നിട്ടിട്ടും സ്ഥാനം ഒഴിയാതെ ക്രിസ്തുവിരുദ്ധതയിലൂടെ സഭയെ ഭിന്നിപ്പിക്കുകയാണ് ആലഞ്ചേരി. ഇനിയും ഭിന്നതയുടെ സുവിശേഷവുമായി അദ്ദേഹം നിലകൊള്ളുകയാണെങ്കില്‍ കര്‍ദിനാളിനെ തെരുവില്‍ തടയാനും ജനകീയ വിചാരണക്ക്​ വിധേയനാക്കാനും കൗണ്‍സില്‍ തയാറാകേണ്ടിവരുമെന്നും യോഗം മുന്നറിയിപ്പ്​ നല്‍കി. യോഗത്തിൽ പ്രസിഡന്‍റ് ഫെലിക്സ് ജെ. പുല്ലൂടന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറൽ സെക്രട്ടറി ജേക്കബ് മാത്യു, അഡ്വ. വര്‍ഗീസ് പറമ്പില്‍, ജോര്‍ജ് കട്ടിക്കാരന്‍, സ്റ്റാന്‍ലി പൗലോസ്, അഡ്വ. ഹൊര്‍മിസ് തരകന്‍, ജോസഫ് വെളിവില്‍, ലോനന്‍ ജോയ്, വി.ജെ. പൈലി, ആന്‍റോ കൊക്കാട്ട്, ജെറോം പുതുശ്ശേരി, ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.