മൂവാറ്റുപുഴയിലെ പേ ആൻഡ് പാർക്ക് നിർമാണം കടലാസിൽ

മൂവാറ്റുപുഴ: ഗതാഗതക്കുരുക്കും അനധികൃത പാർക്കിങ്ങും രൂക്ഷമായ മൂവാറ്റുപുഴ ടൗണിൽ പേ ആൻഡ് പാർക്ക് നിർമിക്കാൻ ബജറ്റിൽ തുക വകയിരുത്തിയിട്ട് നാലുവർഷം പിന്നിട്ടിട്ടും നടപടിയായില്ല. 2019ലെ നഗരസഭ ബജറ്റിലാണ് പദ്ധതിക്ക് ഫണ്ട് വകയിരുത്തിയത്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നഗരസഭയുടെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലാണ് പാർക്കിങ് കേന്ദ്രം നിർമിക്കാൻ ധാരണയായത്. പ്രാരംഭപ്രവർത്തനങ്ങൾക്കായി അഞ്ചുലക്ഷം രൂപ വകയിരുത്തുകയും ചെയ്തിരുന്നു. ഇ.ഇ.സി മാർക്കറ്റിന് സമീപത്തെ നഗരസഭ സ്ഥലം, ലത പാർക്കിന് മുന്നിലെ സ്ഥലം, കെ.എസ്.ആർ.ടി.സിക്ക് മുന്നിൽ മൃഗാശുപത്രിയുടെ സമീപമുള്ള സ്ഥലം എന്നിവയായിരുന്നു കണ്ടുവെച്ചിരുന്നത്. നഗരസഭക്ക് ഒരു വരുമാനം കൂടിയായിരുന്നു പദ്ധതി. എന്നാൽ, ബജറ്റിൽ തുക വകകൊള്ളിച്ചതല്ലാതെ പിന്നീട് നടപടികളൊന്നുമുണ്ടായില്ല. തിരക്കേറിയ നഗരത്തിൽ വാഹനപാർക്കിങ് പ്രശ്നമായി മാറിയിട്ട് വർഷങ്ങളായി. നഗരത്തിൽ ഒരിടത്തും വാഹനങ്ങൾ ഒതുക്കിനിർത്താൻ സൗകര്യങ്ങളില്ല. അനധികൃത പാർക്കിങ്ങിനെതിരെ നടപടി സ്വീകരിക്കാറുണ്ടെങ്കിലും വാഹനങ്ങൾ എവിടെ പാർക്ക് ചെയ്യണമെന്നത് പ്രശ്നമാണ്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നഗരസഭ വ്യാപാര സമുച്ചയങ്ങൾ നിർമിച്ചിട്ടുണ്ടെങ്കിലും ഇവിടങ്ങളിലൊന്നും പാർക്കിങ് സൗകര്യങ്ങളില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.