ഈസ്റ്ററിനും ആലഞ്ചേരിയുടെ സിനഡ് കുർബാന; മറ്റിടങ്ങളിൽ ജനാഭിമുഖ കുർബാനയും

കൊച്ചി: ഉയിർത്തെഴുന്നേൽപ് തിരുനാളായ ഈസ്റ്റർ ദിനത്തിലും എറണാകുളം-അങ്കമാലി അതിരൂപതയിൽ കുർബാന സമർപ്പണം രണ്ടു തരത്തിൽ. സിറോ മലബാർ സഭ മേജർ ആർച് ബിഷപ്​ കർദിനാൾ ജോർജ്​ ആലഞ്ചേരിയുടെ നേതൃത്വത്തിൽ എറണാകുളം സൻെറ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ സിനഡ് കുർബാന അർപ്പിച്ചു. ഇതുൾപ്പെടെ അതിരൂപതക്ക്​ കീഴിൽ അഞ്ചിടങ്ങളിലാണ് ഏകീകൃത കുർബാന നടന്നത്. ആലഞ്ചേരി സിനഡ് കുർബാന അർപ്പിച്ച ബസിലിക്കയിൽ പോലും പിന്നീട് നടന്ന രണ്ട് കുർബാനയും ജനാഭിമുഖമായിരുന്നു. തോട്ടുവ, പ്രസന്നപുരം, മറ്റൂർ, യൂനിവേഴ്സിറ്റി എന്നീ ഇടവകകളിലും സിനഡ് കുർബാന നടന്നു. ഇതിൽ തോട്ടുവ പള്ളിയിൽ രാത്രി ഉയിർപ്പ് കുർബാന ജനാഭിമുഖമായിരുന്നുവെന്ന് വിശ്വാസികൾ വ്യക്തമാക്കി. ആലഞ്ചേരിയുടെ കുർബാനയിൽ സഹകരിക്കാതെ ബസിലിക്ക വികാരിയും സഹവികാരിയും മാറിനിന്നു. അതിരൂപതക്ക്​ കീഴിലുള്ള 340 ഇടവകകളുൾപ്പെടെ 415 ഇടങ്ങളിലും ജനാഭിമുഖ കുർബാനയാണ് നടന്നത്. ജനാഭിമുഖകുർബാനക്ക് ഒപ്പം നിലകൊണ്ട വൈദികരെയും വിശ്വാസികളെയും അൽമായ മുന്നേറ്റം അതിരൂപത സമിതി അഭിനന്ദിച്ചു. അതിരൂപതയുടെ പൈതൃകമായ കുർബാനക്രമം അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ലെന്നും ആവശ്യമെങ്കിൽ സിറോ മലബാർ സഭയിൽനിന്ന് മാറി വത്തിക്കാന്റെ കീഴിൽ സ്വതന്ത്രമായി നിൽക്കുന്നതിന്റെ സാധ്യത അടിയന്തരമായി ആലോചിക്കണമെന്നും അൽമായ മുന്നേറ്റം ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.