മതിപ്പുവില മറികടന്ന്​ ആധാരത്തിൽ ഉയർന്ന വില കാണിക്കാൻ നിർദേശമെന്ന്​ പരാതി

മട്ടാഞ്ചേരി: സർക്കാർ നിശ്ചയിച്ച മതിപ്പുവിലയെ മറികടന്ന് ആധാരത്തിൽ വിലകൂട്ടി കാണിക്കണമെന്ന സബ് രജിസ്ട്രാർ ഓഫിസർമാരുടെ നിർദേശം ആധാരം എഴുത്തുകാരെയും ഇടപാടുകാരെയും ദുരിതത്തിലാക്കുന്നു. ഏപ്രിൽ ഒന്ന് മുതൽ ഭൂമിയുടെ മതിപ്പുവില സർക്കാർ 10 ശതമാനം ഉയർത്തിയിരുന്നു. ഇതോടെ സംസ്ഥാനത്ത് ഭൂമി എഴുതി നൽകണമെങ്കിൽ ചെലവേറി. എന്നാൽ, കൊച്ചിയുടെ വിവിധ പ്രദേശങ്ങളിൽ ഇതിനെക്കാൾ വിലയുണ്ടെന്ന അവകാശവാദം ഉന്നയിച്ചാണ് കൊച്ചി സബ് രജിസ്ട്രാർ ഓഫിസർമാർ മതിപ്പുവിലയെക്കാൾ അധിക തുക ആധാരത്തിൽ കാണിക്കാൻ നിർദേശിച്ചതായി പരാതി ഉയരുന്നത്. മൂന്നും നാലും ലക്ഷം സർക്കാർ വിലയുള്ള ഭൂമിയിൽ കുറഞ്ഞത് ഏഴു ലക്ഷം വില കാണിക്കണമെന്നാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതെന്നാണ് പരാതി. ഇത്തരത്തിൽ വില കാണിക്കാത്തവ വിലക്കുറവ് ആധാരമെന്ന് മുദ്രകുത്തി ജില്ല രജിസ്ട്രാർ ഓഫിസിലേക്ക് അയക്കാനാണ് ജില്ല രജിസ്ട്രാർ ഓഫിസറുടെ നിർദേശമെന്നും ജോയന്‍റ്​ സബ് രജിസ്ട്രാർ പറഞ്ഞതായി ഇടപാടുകാർ പറയുന്നു. എന്നാൽ, ഇങ്ങനെ നിർദേശം ജില്ലയിലെ ഒരു സബ് രജിസ്ട്രാർ ഓഫിസിലും നൽകിയിട്ടില്ലെന്ന് ജില്ല രജിസ്ട്രാർ ഓഫിസർ വ്യക്തമാക്കി. കെട്ടിട വില കുറഞ്ഞുപോയെന്ന കാരണം ചൂണ്ടിക്കാണിച്ച് കൊച്ചി സബ് രജിസ്ട്രാർ ഓഫിസിൽ ആധാരം മടക്കിവിടുന്നെന്ന പരാതിയും വ്യാപകമാണ്. സർക്കാർ അനുമതി നൽകിയ എ ഗ്രേഡ് സർട്ടിഫിക്കറ്റുള്ള എൻജിനീയറാണ് കെട്ടിടത്തിന് വില നിശ്ചയിക്കുന്നത്. എന്നാൽ, ഈ വില അംഗീകരിക്കാൻ സബ് രജിസ്ട്രാർമാർ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. അതേസമയം, ചിലയിടങ്ങളിൽ മാർക്കറ്റ് വിലയെക്കാൾ ഏറെ താഴ്ന്നാണ് സർക്കാർ മതിപ്പ് വിലയുള്ളതെന്നും അവിടങ്ങളിൽ മതിപ്പ് വിലയെക്കാൾ കുറച്ചുകൂടെ കൂടുതൽ വിലയിടണമെന്ന നിർദേശം ആധാരമെഴുത്തുകാർക്ക് നൽകണമെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളതെന്നും ഈ ഒരു കാരണത്താൽ ആധാരം മടക്കാൻ പറഞ്ഞിട്ടില്ലെന്നും ജില്ല രജിസ്ട്രേഷൻ ഓഫിസർ പറഞ്ഞു. ചില എൻജിനീയർമാർ കെട്ടിട വില വളരെ കുറച്ച്​ ഇടുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇത് പരിശോധിക്കണമെന്ന നിർദേശം നൽകിയിട്ടിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. കെട്ടിടവില കുറഞ്ഞുപോയതിന്‍റെ പേരിൽ ആധാരം മടക്കിയെന്ന പരാതി ഇതുവരെ ജില്ല രജി. ഓഫിസിൽ ലഭിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.