മഹാരാജാസിലെ മൊബൈല്‍ ഫോൺ വെളിച്ചത്തിലെ പരീക്ഷ റദ്ദാക്കി

കൊച്ചി: മഹാരാജാസ് കോളജില്‍ വിദ്യാർഥികൾ മൊബൈല്‍ ഫോൺ വെളിച്ചത്തിലെഴുതിയ പരീക്ഷകള്‍ റദ്ദാക്കിയെന്ന് പ്രിന്‍സിപ്പല്‍ ഡോ. വി.അനില്‍ അറിയിച്ചു. പരീക്ഷ മറ്റൊരു ദിവസം നടത്തുമെന്നും തീയതി പിന്നീട് അറിയിക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു. കോളജിലെ ഒന്നാം വര്‍ഷ ബിരുദം, മൂന്നാം സെമസ്റ്റര്‍ പി.ജി പരീക്ഷകളാണ് റദ്ദാക്കിയത്. വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതോടെയാണ് ഏപ്രിൽ 11ന് മൊബൈല്‍ ഫോൺ വെളിച്ചത്തില്‍ പരീക്ഷ നടത്തിയത്. മഴക്കാറുണ്ടായിരുന്നതിനാല്‍ സ്വാഭാവിക വെളിച്ചവും കുറഞ്ഞതോടെ അധ്യാപകരുടെ അനുമതിയോടെ വിദ്യാര്‍ഥികളെല്ലാവരും മൊബൈല്‍ ടോര്‍ച്ചിനെ ആശ്രയിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ പരീക്ഷാദിവസം ഹാളിലേക്ക്​ കൊണ്ടുപോകാന്‍ സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ വിലക്കിയിരുന്നു. സ്മാര്‍ട്ട് വാച്ചുകള്‍, ഇയര്‍ഫോണ്‍ എന്നിവക്കും വിലക്കുണ്ട്. ഈ സാഹചര്യത്തില്‍ ഹാളില്‍ മൊബൈല്‍ ഫോണ്‍ കയറ്റിയതാണ് വിവാദമായത്. സംഭവദിവസം രാവിലെ മുതല്‍ കോളജില്‍ വൈദ്യുതിയില്ലായിരുന്നു. ജനറേറ്ററില്‍ നിന്ന്​ വൈദ്യുതി ലഭിച്ചില്ല. 54 ലക്ഷം രൂപ മുടക്കി കോളജിലേക്ക് ഹൈടെന്‍ഷന്‍ വൈദ്യുതി സംവിധാനം ഒരുക്കിയിരുന്നെങ്കിലും അവശ്യഘട്ടത്തില്‍ പ്രയോജനപ്പെട്ടില്ല. 77 ലക്ഷത്തിന്‍റെ ജനറേറ്ററും ഇവിടെയുണ്ടെങ്കിലും അതും പ്രവര്‍ത്തിച്ചില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.