ജോസഫൈന്റെ മൃതദേഹം മെഡി. കോളജ് വിദ്യാര്‍ഥികളുടെ പഠനമുറിയിൽ

അങ്കമാലി: ജോസഫൈന്‍ എന്ന ധീര കമ്മ്യൂണിസ്റ്റുകാരിയുടെ മൃതദേഹം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ പഠനമുറിയിലേക്ക്. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിന് നല്‍കണമെന്ന അന്ത്യാഭിലാഷമാണ് കുടുംബാംഗങ്ങളും പാര്‍ട്ടി നേതാക്കളും ചേര്‍ന്ന് തിങ്കളാഴ്ച സഫലീകരിച്ചത്. ഭർത്താവ് അങ്കമാലി പള്ളിപ്പാടൻ മത്തായിയുടെ മൃതദേഹവും കളമശ്ശേരി മെഡിക്കൽ കോളജ് വിദ്യാർഥികൾക്കാണ് നൽകിയത്. ആര് ഒറ്റപ്പെടുത്തിയാലും, കൈ ഒഴിഞ്ഞാലും പാര്‍ട്ടി തന്നെ കൈവിടരുതെന്ന നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിച്ച ദമ്പതികൾക്ക് എന്നും പാര്‍ട്ടി തുണയേകി. ചില യാഥാസ്ഥിതികരും, കുടുംബാംഗങ്ങളും, സുഹൃത്തുക്കളും മറ്റും അകറ്റി നിര്‍ത്താന്‍ പല ശ്രമങ്ങൾ നടത്തിയെങ്കിലും അന്ത്യം വരെ ഇരുവരും പാർട്ടിയെ പിണക്കാതെ നിശ്ചയദാർഢ്യത്തോടെ ജീവിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 1.45 ഓടെ മെഡിക്കൽ കോളജ് അധികൃതർ സി.എസ്.എ ഹാളിലെത്തി മൃതദേഹം ഏറ്റുവാങ്ങാനുള്ള നടപടി പൂർത്തിയാക്കി. കൃത്യം രണ്ടിന് തന്നെ മൃതദേഹം ചുവപ്പ്​ പതാക പുതച്ച് പാർട്ടി പ്രവർത്തകരുടെ ആർത്തിരമ്പും അഭിവാദ്യങ്ങളുമായി ഹാളിന് വെളിയിലെത്തിക്കുകയും പ്രത്യേകം തയാറാക്കിയ ആംബുലൻസിൽ മെഡിക്കൽ കോളജ് അധികൃതർ കൊണ്ടുപോവുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.