സിനിമ മേഖലയിലുള്ളവർ ലൈംഗികാതിക്രമങ്ങളെപ്പറ്റി ബോധവാന്മാരാകണം -റിമ കല്ലിങ്കൽ

കൊച്ചി: സ്ത്രീകളുൾപ്പെടെ സിനിമ മേഖലയിലുള്ളവർ എന്താണ് ലൈംഗികാതിക്രമമെന്ന്​ ബോധവാന്മാരാകണമെന്ന് നടി റിമ കല്ലിങ്കൽ. സിനിമ പ്രവർത്തകരിൽ ബഹുഭൂരിപക്ഷവും ഈ വിഷയത്തിൽ ബോധവാന്മാരല്ലെന്നും വിവിധ സിനിമ സംഘടനകൾ ഈ പ്രശ്നം പരിഹരിക്കാൻ മുൻകൈയെടുക്കണമെന്നും അവർ പറഞ്ഞു. മലയാള സിനിമയിൽ ഇന്റേണൽ കമ്മിറ്റി നിർവഹണം എന്ന വിഷയത്തിൽ കൊച്ചി പ്രാദേശിക ചലച്ചിത്ര മേളയിൽ സംഘടിപ്പിച്ച ഓപൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അവർ. മലയാള സിനിമ മേഖലയിൽ അടിയന്തരമായി ഇന്റേണൽ കമ്മിറ്റി രൂപവത്​കരണം അനിവാര്യമാണെന്നും ഇക്കാര്യത്തിൽ ചലച്ചിത്ര അക്കാദമിയുടെയും സർക്കാറിന്റെയും പൂർണ പിന്തുണയുണ്ടെന്നും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ പറഞ്ഞു. സ്ത്രീക്കും പുരുഷനും തുല്യവും നീതിപൂർണവുമായ തൊഴിലിടം ഭരണഘടന ഉറപ്പുനൽകുന്നതാണെന്നും ഇത് പ്രാവർത്തികമാകാത്തത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകയും സാമൂഹികപ്രവർത്തകയുമായ അഡ്വ. മായ കൃഷ്ണൻ ഇന്റേണൽ കമ്മിറ്റിയുടെ സാങ്കേതിക വശങ്ങൾ വിശദീകരിച്ചു. കമ്മിറ്റി രൂപവത്​കരണത്തിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പൂർണ പിന്തുണയുണ്ടെന്നും എന്നാൽ ഇതുമായി ബന്ധപ്പെട്ട്​ നിലനിൽക്കുന്ന സംശയങ്ങൾ ദൂരീകരിക്കണമെന്നും നിർമാതാവ് അനിൽ തോമസ് ആവശ്യപ്പെട്ടു. സാമൂഹിക പ്രവർത്തക രേഖ രാജ്, നിർമാതാവ് വിഷ്ണു വേണു, ചലച്ചിത്ര പ്രവർത്തകൻ സന്തോഷ് കീഴാറ്റൂർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.