പുന്നപ്ര -വയലാർ സമര സേനാനിക്ക്​ സ്വാതന്ത്ര്യ സമരപെൻഷൻ: കലക്ടർ രണ്ട്​ മാസത്തിനകം തീരുമാനമെടുക്കണമെന്ന്​ ഹൈകോടതി

കൊച്ചി: പുന്നപ്ര-വയലാർ സമരസേനാനിയുടെ പേരിലുള്ള സ്വാതന്ത്ര്യ സമര പെൻഷന്​ വേണ്ടി ഭാര്യ നൽകിയ അപേക്ഷയിൽ ആലപ്പുഴ ജില്ല കലക്ടർ രണ്ട്​ മാസത്തിനകം തീരുമാനമെടുത്ത്​ ഉത്തരവ്​ പുറപ്പെടുവിക്കണമെന്ന്​ ഹൈകോടതി. ആലപ്പുഴ നോർത്ത് ആര്യാട് അട്ടച്ചിറയിൽ പരേതനായ വി.കെ. സുകുമാരന്‍റെ ഭാര്യ ഗൗരിയമ്മ നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാനാണ്​ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്​റ്റിസ് ഷാജി. പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. കേരള സ്വാതന്ത്ര്യ സമരപെൻഷൻ ആവശ്യപ്പെട്ട്​ നൽകിയ അപേക്ഷ കലക്ടർ നിരസിച്ചത്​​ സിംഗിൾ ബെഞ്ച്​ ശരിവെച്ചിരുന്നു. ഇ​തിനെതിരെ നൽകിയ അപ്പീലാണ്​ ഡിവിഷൻ ബെഞ്ച്​ പരിഗണിച്ചത്​. കലക്ടറുടെ ഉത്തരവും സിംഗിൾ ബെഞ്ചിന്റെ വിധിയും ഡിവിഷൻ ബെഞ്ച്​ റദ്ദാക്കി. സ്വാതന്ത്ര്യസമര പെൻഷനു വേണ്ടി സുകുമാരൻ നൽകിയ അപേക്ഷ 1989ൽ കലക്ടർ നിരസിച്ചിരുന്നു. സുകുമാരൻ പുന്നപ്ര വയലാർ സമരത്തിൽ പങ്കാളിയായിരുന്നെന്നും അറസ്റ്റ് ഒഴിവാക്കാൻ 1946 ഒക്ടോബർ 28 മുതൽ 1947 ആഗസ്റ്റ് 21 വരെ ഒളിവിലായിരുന്നെന്നും വ്യക്തമാക്കി പ്രമുഖ സ്വാതന്ത്ര്യസമര സേനാനി എച്ച്.കെ. ചക്രപാണി നൽകിയ സർട്ടിഫിക്കറ്റും അമ്പലപ്പുഴ തഹസിൽദാറുടെ അന്വേഷണ റിപ്പോർട്ടും സഹിതം വീണ്ടും അപേക്ഷ നൽകിയെങ്കിലും 2008ൽ വീണ്ടും നിരസിച്ചു. ഇതിനെതിരെ നൽകിയ ഹരജി സിംഗിൾ ബെഞ്ചും തള്ളി. സ്വാതന്ത്ര്യസമര സേനാനിയാണെന്ന് തെളിയിക്കാൻ അറസ്റ്റ് വാറന്റോ കോടതിരേഖയോ ജയിൽരേഖയോ വേണമെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹരജി തള്ളിയത്. എന്നാൽ, അപേക്ഷകൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ രേഖാമൂലമുള്ള തെളിവ്​ വേണമെന്ന വ്യവസ്ഥയിൽ ഇളവു നൽകാമെന്ന്​ 2012ൽ സർക്കാർ ഭേദഗതി കൊണ്ടുവന്നു. തുടർന്നാണ് ഗൗരിയമ്മ അപ്പീൽ ഹരജിയുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.