നഗരസഭ കൗൺസിൽ യോഗത്തിൽ വീണ്ടും പ്രതിഷേധം

കാക്കനാട്: ഭൂരിപക്ഷം നഷ്ടപ്പെട്ട തൃക്കാക്കര നഗരസഭ കൗൺസിൽ യോഗത്തിൽ വീണ്ടും ബഹളവും പ്രതിഷേധവും. നിരവധി യു.ഡി.എഫ് കൗൺസിലർമാർ യോഗത്തിൽ പങ്കെടുക്കാതെ വന്നതോടെയാണ് നാടകീയരംഗങ്ങൾക്ക് നഗരസഭ കൗൺസിൽ സാക്ഷ്യംവഹിച്ചത്. ഇതോടെ അജണ്ടയിൽ ഇല്ലാത്ത കാര്യം പാസാക്കാനും ഉള്ളകാര്യങ്ങൾ അസാധുവാക്കാൻ എൽ.ഡി.എഫ് കൗൺസിലർമാർക്ക് കഴിഞ്ഞു. വ്യാഴാഴ്ച ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിലായിരുന്നു എൽ.ഡി.എഫ് കൗൺസിലർമാരുടെ പ്രതിഷേധം. 43 അംഗ കൗൺസിലിൽ 25 യു.ഡി.എഫ് അംഗങ്ങളും 18 എൽ.ഡി.എഫ് കൗൺസിലർമാരുമാണ് ഉള്ളത്. ഇതിൽ 10 യു.ഡി.എഫ് കൗൺസിലർമാരും ഒരു എൽ.ഡി.എഫ് കൗൺസിലറുമായിരുന്നു യോഗത്തിൽ പങ്കെടുക്കാതിരുന്നത്. ഇതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട ഭരണപക്ഷം തുടക്കം മുതൽ പരുങ്ങലിലായിരുന്നു. മാലിന്യ പ്രശ്നത്തെത്തുടർന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ നഗരസഭക്ക് 4.11 കോടിയോളം രൂപ പിഴയിട്ട സംഭവം ചർച്ച ചെയ്യണമെന്നും നിയമനടപടികളുമായി മുന്നോട്ട് പോകണമെന്നും എൽ.ഡി.എഫ് ആവശ്യപ്പെട്ടു. ഭരണപക്ഷം അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം വൻ പ്രതിഷേധത്തിലേക്കും ബഹളത്തിലേക്കും നീങ്ങുകയായിരുന്നു. ഒടുവിൽ ഭൂരിപക്ഷമില്ലാതെ വന്നതോടെ പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കുകയും അജണ്ടയിൽ ഉൾപ്പെടുത്തി ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കാനും ട്രൈബ്യൂണൽ വിധിക്കെതിരെ ഹൈകോടതിയിൽ പോകാനും തീരുമാനിച്ചു. ഇതിനുപിന്നാലെ അംഗബലത്തിന്‍റെ പിൻബലത്തിൽ മറ്റ് മൂന്ന് അജണ്ടയിലും പ്രതിപക്ഷത്തിന് കൃത്യമായ മേൽക്കോയ്മ നേടാൻ കഴിഞ്ഞിരുന്നു. 16ാം വാർഡിലെ അന്നക്കാത്ത് റോഡിന്‍റെ നവീകരണം, 33ാം വാർഡിലെ അട്ടിപ്പേറ്റി നഗർ റോഡ് പുനർനിർമാണവും തോടിന്‍റെ സംരക്ഷണഭിത്തി കെട്ടുന്നതുമായ അജണ്ടയും നഗരസഭയിലെ വിവിധ റോഡുകളിൽ എൽ.ഇ.ഡി വഴിവിളക്കുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട അജണ്ടകളുമാണ് തള്ളിയത്. ഇവ നിയമവിരുദ്ധ പ്രവർത്തനങ്ങളാണെന്നായിരുന്നു എൽ.ഡി.എഫിന്‍റെ വാദം. യോഗത്തിൽ ഭൂരിപക്ഷമുണ്ടായിരുന്ന പ്രതിപക്ഷം വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകകൂടി ചെയ്തതോടെ നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ ഗത്യന്തരമില്ലാതെ ഈ അജണ്ടകൾ തള്ളുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.