പള്ളിക്കരയിൽ കട തുറന്നുപ്രവർത്തിക്കും -വ്യാപാരികൾ

പള്ളിക്കര: ദേശീയ പണിമുടക്ക് ദിവസമായ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പതിവുപോലെ കടകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് വ്യാപാരിവ്യവസായി നേതാക്കള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. പള്ളിക്കര യൂനിറ്റിന് കീഴിലെ 240 കട ഉടമകള്‍ക്കുവേണ്ടി പള്ളിക്കര വ്യാപാരി വ്യവസായി യൂനിറ്റ് ഹൈകോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് കടകൾ തുറന്നുപ്രവര്‍ത്തിക്കാൻ പൊലീസ് സംരക്ഷണം നല്‍കണമെന്ന് കുന്നത്തുനാട് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പള്ളിക്കരയില്‍ പണിമുടക്ക്​ ദിവസങ്ങളിൽ കടകള്‍ അടക്കണമെന്നാവശ്യപ്പെട്ട് 15 ദിവസംമുമ്പ് സംയുക്ത സമരസമിതി നേതാക്കള്‍ വ്യാപാരി വ്യവസായികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്. 2017 മുതല്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ദിനങ്ങളില്‍ ഹര്‍ത്താല്‍രഹിത പള്ളിക്കരയായി പ്രഖ്യാപിച്ച് കടകള്‍ തുറന്നുപ്രവര്‍ത്തിച്ചിരുന്നു. ഏത് പാര്‍ട്ടി ഹര്‍ത്താല്‍ നടത്തിയാലും കടകള്‍ തുറന്നിരുന്നെങ്കിലും 2020ല്‍ സംയുക്ത സമരസമിതി നടത്തിയ പണിമുടക്കില്‍ കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടാകുകയും വ്യാപാരി വ്യവസായി പള്ളിക്കര യൂനിറ്റ് പ്രസിഡന്‍റിനടക്കം പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് 2021ലെ പണിമുടക്കില്‍ സംഘര്‍ഷമില്ലാതെ കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ പതിവില്‍നിന്ന് വിപരീതമായി സമരസമിതി നേരത്തേതന്നെ കടകള്‍ അടക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. പ്രസിഡന്‍റ്​ സി.ജി. ബാബു, ജനറൽ സെക്രട്ടറി എന്‍.പി. ജോയി, പി.എം. ജോയി, പി.പി. സിജുകുമാര്‍, വി.ആര്‍. രാജീവ് എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.