റീ രജിസ്ട്രേഷൻ നിരക്ക് വർധന; ആർ.ടി ഓഫിസുകളിൽ തിരക്ക് വർധിക്കുന്നു

കാക്കനാട്: വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസ് വർധിപ്പിക്കാനുള്ള മോട്ടോർ വാഹന വകുപ്പി‍ൻെറ തീരുമാനത്തിന് പിന്നാലെ ആർ.ടി ഓഫിസുകളിൽ തിരക്ക് ശക്തമാകുന്നു. വാഹനങ്ങളുടെ രജിസ്‌ട്രേഷൻ, ഫിറ്റ്നസ് പുതുക്കൽ എന്നിവയുടെ നിരക്കുകൾ പലമടങ്ങ് വർധിപ്പിച്ച സാഹചര്യത്തിലാണ് എത്രയുംവേഗം രേഖകൾ പുതുക്കാൻ ആളുകൾ എത്തിയത്. ഏപ്രിൽ ഒന്നുമുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്. ഇരുചക്ര വാഹനത്തിന് നേരത്തെ 300 രൂപയായിരുന്നത് 1000 ആയും കാറുകൾക്ക് 600 ആയിരുന്നത് 5000 ആയും ഓട്ടോക്ക്​ 600 രൂപയിൽനിന്ന്​ 2,500 ആയുമാണ് വർധിപ്പിക്കുന്നത്. കേന്ദ്ര ഉപരിതല റോഡ് ഗതാഗത മന്ത്രാലയത്തി‍ൻെറ വിജ്ഞാപനം അനുസരിച്ച് കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. രജിസ്ട്രേഷൻ ഫിറ്റ്നസ് എന്നിവ തീരുന്നതിന് 60 ദിവസംമുമ്പ്​ മുതലാണ് പുതുക്കാൻ കഴിയുന്നത്. എന്നാൽ, പുതിയ ഉത്തരവ് പ്രാബല്യത്തിൽ വന്നാൽ ഉണ്ടാകുന്ന സാമ്പത്തികനഷ്ടം പരിഗണിച്ചാണ് അവസാന ദിവസത്തിന് കാത്തുനിൽക്കാതെ പലരും നേരത്തെ പുതുക്കുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ജീവനക്കാരുടെ പണിമുടക്കും ഉള്ളതിനാൽ ഈ മാസം 30, 31 ദിവസങ്ങളിൽ കൂടുതൽപേർ എത്തിയേക്കും എന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേണ്ടി പലരും വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനുള്ള നെട്ടോട്ടത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.