ഭവന പദ്ധതിക്ക് മുൻതൂക്കം നൽകി കവളങ്ങാട് പഞ്ചായത്ത് ബജറ്റ്

കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്ത് 34 കോടിയുടെ ബജറ്റിന് അംഗീകാരം. 25 ലക്ഷം മിച്ചം വരുന്ന ബജറ്റ് വൈസ് പ്രസിഡന്‍റ്​ ജിൻസിയ ബിജു അവതരിപ്പിച്ചു. എല്ലാവർക്കും ഭവനം എന്ന ലക്ഷ്യത്തിലേക്ക് എത്തും വിധം ലൈഫ് ഭവനപദ്ധതിക്ക് 10 കോടി നീക്കിവെച്ചു. കാർഷിക മേഖലയുടെയും കായിക മേഖലയുടെയും സമഗ്ര വികസനം, മാലിന്യസംസ്കരണ പരിപാടികൾ, കരിമണൽ-ചെമ്പൻകുഴി അഞ്ച് കിലോമീറ്റർ ഫെൻസിങ്ങിന് 10 ലക്ഷം, നെല്ലിമറ്റം ടൗണിൽ പുതിയ ഷോപ്പിങ്​ കോംപ്ലക്സ്, ഊന്നുകൽ സ്റ്റേഡിയം വിപുലീകരണത്തിന് 30 ലക്ഷം, ക്ഷീരവികസനം, ടൂറിസം മേഖലകൾക്കുള്ള നൂതന പദ്ധതികൾ എന്നിവ വിഭാവനം ചെയ്യുന്നതാണ് പുതിയ ബജറ്റ് പ്രഖ്യാപനം. നേര്യമംഗലം പി.എച്ച്.സിയിൽ എക്സ്​റേ, ഇ.സി.ജി യൂനിറ്റുകൾ, നേര്യമംഗലം ബോട്ട് ജെട്ടിയോട് ചേർന്ന് കംഫർട്ട് സ്റ്റേഷനും കോഫി ഹൗസും സ്ഥാപിക്കൽ, നേര്യമംഗലം ഷോപ്പിങ്​ കോംപ്ലക്സ്, ഊന്നുകൽ സ്റ്റേഡിയം നിർമാണം, കുടിവെള്ള പദ്ധതി തുടങ്ങിയ അടിസ്ഥാന വികസനത്തിൽ ശ്രദ്ധ പുലർത്തുന്നതാണ് ബജറ്റ്. അവതരണത്തിന് പ്രസിഡന്‍റ്​ സൈജന്‍റ്​ ചാക്കോ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ടി.എച്ച്. നൗഷാദ്, ഷിബു പടപ്പറമ്പത്ത്, സൗമ്യ ശശി, ഗ്രാമപഞ്ചായത്ത്​ അംഗങ്ങൾ, സെക്രട്ടറി ഇ.കെ. കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.