കർഷക സമരത്തെ നേരിട്ടപോലെ സിൽവർ ലൈൻ സമരത്തെ നേരിടുന്നു -പ്രതിപക്ഷ നേതാവ് 

ആലുവ: മോദി സർക്കാർ കർഷക സമരത്തെ നേരിട്ടപോലെയാണ് സിൽവർ ലൈൻ വിരുദ്ധ സമരത്തെ പിണറായി സർക്കാർ നേരിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കർഷക സമരം വിജയിച്ചപോലെ ഇതും വിജയിക്കും. അധികാരത്തിന്റെ ലഹരി തലക്ക്​ പിടിച്ചതുകൊണ്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സി.പി.എം നേതാക്കളും ചേര്‍ന്ന് ജനങ്ങളെ അധിക്ഷേപിക്കുന്നത്. വരേണ്യവര്‍ഗത്തിനുവേണ്ടി സംസാരിക്കുന്നതിനാല്‍ ഇവര്‍ക്കിപ്പോള്‍ ജനകീയ സമരങ്ങളെ പുച്ഛമാണ്. പദ്ധതിയെക്കുറിച്ച് പരസ്പരവിരുദ്ധമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടി നേതാക്കളും കെ-റെയില്‍ ഉദ്യോഗസ്ഥരും സംസാരിക്കുന്നത്. സര്‍ക്കാറുമായി ബന്ധപ്പെട്ടവര്‍ ആദ്യം ഈ വിഷയം പഠിക്കണം. മന്ത്രിമാര്‍ക്കോ പാര്‍ട്ടി നേതാക്കള്‍ക്കോ ഡി.പി.ആറിനെക്കുറിച്ചുപോലും അറിയില്ല. ഇ.പി. ജയരാജനെയും സജി ചെറിയാനെയും ജനങ്ങളെ അധിക്ഷേപിക്കാന്‍ മുന്‍നിരയില്‍ നിര്‍ത്തുന്നത് നല്ലതാണ്. പിണറായിയുടെ രാജസദസ്സിലെ വിദൂഷകരുടെ ജോലി ഇരുവരും നന്നായി ചെയ്യുന്നുണ്ട്. സമരത്തെ തകര്‍ക്കുമെന്ന മുഖ്യമന്ത്രിയുടെ ഭീഷണി വിലപ്പോകില്ല. കൂടെയുള്ളവര്‍ ഭയന്ന് നില്‍ക്കുമെന്ന് കരുതി എല്ലാവരും പേടിച്ചാണ്​ നില്‍ക്കുന്നതെന്ന് തെറ്റിദ്ധരിക്കരുത്. ജാമ്യമില്ലാ കേസുപ്രകാരം ജയിലില്‍ പോകാനും യു.ഡി.എഫ്​ തയാറാണ്​. പദ്ധതി എന്താണെന്നുപോലും അറിയില്ലെങ്കിലും അഴിമതിയുടെ സാധ്യതകളാണ് ഇതിൽ സര്‍ക്കാറിന്റെ ആഭിമുഖ്യത്തിന് കാരണം. നിയമസഭയില്‍ നേര്‍ക്കുനേര്‍ ചോദ്യം ചോദിച്ചിട്ടുപോലും മുഖ്യമന്ത്രിക്ക് മറുപടിയില്ല. യു.ഡി.എഫിന് സമരം ചെയ്യാന്‍ ആരുടെയും സഹായം ആവശ്യമില്ല. ജനകീയ സമരസമിതി നടത്തുന്ന സമരത്തിനാണ് യു.ഡി.എഫ് പിന്തുണ നല്‍കുന്നത്. സിൽവർ ലൈനിൽ ഇനി ഒരു പഠനവും വേണ്ട. അപ്രായോഗികമായ പദ്ധതി ഒരു കാരണവശാലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സതീശൻ പറഞ്ഞു. അൻവർ സാദത്ത് എം.എൽ.എയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.