വെൽനസ് ടൂറിസത്തിനും ആയുഷ് ചികിത്സക്കും കേരളത്തിൽ വൻ സാധ്യത

കൊച്ചി: കേരളത്തിൽ വെൽനസ് ടൂറിസത്തിനും ആയുഷ് ചികിത്സരീതികൾക്കും വൻ സാധ്യതകളുണ്ടെന്ന് കൊച്ചിയിൽ ചേർന്ന ടൂർ ഓപറേറ്റർമാരുടെ കൂട്ടായ്മ അഭിപ്രായപ്പെട്ടു. 'വെൽനസ് ടൂറിസത്തിന്‍റെയും ആയുഷ് ചികിത്സയുടെയും സാധ്യതകൾ' വിഷയത്തിൽ രാജ്യത്തും വിദേശത്തും ടൂറിസം ബിസിനസ് ചെയ്യുന്നവർക്കായി ടൂർ ഓപറേറ്റർമാരുടെ കൂട്ടായ്മയും കോഴിക്കോട് ടൈഗ്രീസ് വാലിയും ചേർന്നാണ്​ സെമിനാർ സംഘടിപ്പിച്ചത്​. വരും വർഷങ്ങളിൽ യൂറോപ്, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽനിന്ന്​ കേരളത്തിലേക്ക്​ വിനോദസഞ്ചാരികളുടെ വലിയ ഒഴുക്ക് പ്രതീക്ഷിക്കുന്നു. വെൽനസ് ടൂറിസത്തിൽ ശരിയായ ആയുഷ് ചികിത്സരീതികൾക്ക്​ പ്രമുഖസ്ഥാനമുണ്ട്. കേന്ദ്രസർക്കാരിന്‍റെ മാർഗനിർദേശങ്ങളനുസരിച്ച്​ ആയുർവേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോ ചികിത്സകൾ ഒരുകുടക്കീഴിൽ കൊണ്ടുവന്ന്​ ഡോക്ടർമാരുടെയും സപ്പോർട്ടിങ്​ സ്റ്റാഫുകളുടെയും സഹായത്തോടെ വിനോദസഞ്ചാരികൾക്കു ലഭ്യമാക്കുന്നതാണ് ആയുഷ് പദ്ധതി. കേന്ദ്രസർക്കാറിന്‍റെ ആയുഷ് സർട്ടിഫിക്കേഷനുള്ള സംസ്ഥാനത്തെ ഏക വെൽനസ് ആയുഷ് ടൂറിസ്റ്റ്​ സെന്‍ററാണ് കോഴിക്കോട് ടൈഗ്രീസ് വാലി. ഇത്തരം സർക്കാർ സർട്ടിഫിക്കേഷനുള്ള കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങി വിനോദസഞ്ചാരികളെ ആകർഷിക്കാനാകും. വെൽനസ് ടൂറിസം പ്രമോഷനുവേണ്ടി സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സെമിനാറിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. ടൈഗ്രീസ് വാലി മാനേജിങ്​ ഡയറക്ടർ യു.കെ. മുഹമ്മദ് ഷരീഫും എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ഷാഹുൽ ഹമീദും ചേർന്ന് സെമിനാർ ഉദ്​ഘാടനം ചെയ്തു. റോമിയോ ജസ്റ്റിൻ, സേവ്യർ ചാക്കോ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.