വെളിയത്തുനാട്ടിൽ കുടിവെള്ളക്ഷാമം രൂക്ഷം

-തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് ഇടപെടൽ​ ഉണ്ടായിട്ടില്ലെന്ന്​ ആക്ഷേപം കരുമാല്ലൂർ: വേനൽ കഠിനമായതോടെ കരുമാല്ലൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. വെളിയത്തുനാട്ടിലാണ് കുടിവെള്ളക്ഷാമം ഏറെ രൂക്ഷമായത്. 11, 13, 14, 15 വാർഡുകളിൽ കുടിവെള്ളക്ഷാമം പരിഹരിക്കാൻ കഴിയുന്ന തരത്തിലുള്ള ഇടപെടലുകൾ തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന്​ ഉണ്ടായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. വേനലിൽ കിണറുകളിൽ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതും ചിലയിടങ്ങളിൽ കിണർ വെള്ളത്തിന് മഞ്ഞനിറം ബാധിച്ചതും ശുദ്ധജലത്തിന്റെ ദൗർലഭ്യത്തിന് കാരണമായിട്ടുണ്ട്. കലക്ടറുടെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് ലഭിക്കാത്തതാണ് പഞ്ചായത്ത് അംഗങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. അതേസമയം യു.സി കോളജ് വെളിയത്തുനാട് പ്രദേശത്ത് 88 ലക്ഷം രൂപ മുടക്കി പണിപൂർത്തീകരിച്ച കുടിവെള്ള പദ്ധതി പൈപ്പിടാൻ റോഡ് കട്ടിങ്ങിന് പൊതുമരാമത്ത് വകുപ്പ് അനുമതി നൽകാത്തതിനാൽ ഉദ്ഘാടനം ചെയ്ത പദ്ധതി കമീഷൻ ചെയ്യാൻ കഴിയാത്തതും പ്രതിസന്ധി രൂക്ഷമാക്കി. പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അനുമതി നൽകാതിരുന്നതുമൂലം കമീഷൻ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ യു.ഡി.എഫിലെ പഞ്ചായത്ത് അംഗങ്ങൾ ആരോപണവുമായി രംഗത്തുവന്നിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി ഇവിടെ കുടിവെള്ളം കൊടുക്കാതിരിക്കാൻ പ്രാദേശിക സി.പി.എം നേതാക്കൾ പദ്ധതി തടസ്സപ്പെടുത്തിയതായി ഇവർ പറയുന്നു. റോഡ് കുഴിച്ച് പൈപ്പ് ലൈൻ സ്ഥാപിക്കാൻ പാർട്ടി തടസ്സം നിന്നതായും ഭരണസ്വാധീനം ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പിനെക്കൊണ്ട് അന്ന് റോഡ് കട്ടിംഗിന് അനുവാദം മനഃപൂർവം വൈകിപ്പിച്ചതായും യു.ഡി.എഫ് കുറ്റപ്പെടുത്തി. കുടിവെള്ളക്ഷാമം രൂക്ഷമായ 11, 13, 14, 15 വാർഡുകളിൽ സർക്കാർ ചെലവിൽ ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കണമെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് എ.എം. അലി ആവശ്യപ്പെട്ടു. പടം EA PVR 3 veliyathunattil വെളിയത്തുനാട്ടിൽ ടാങ്കർ ലോറികളിൽ എത്തുന്ന കുടിവെള്ളം ശേഖരിക്കാനായി സൂക്ഷിച്ചിരിക്കുന്ന പാത്രങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.