ജനാഭിമുഖ കുർബാന: അനുവാദകൽപന പിൻവലിക്കരുതെന്ന് വൈദിക സമ്മേളനത്തിൽ പ്രമേയം

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ വൈദിക സമ്മേളനം കലൂർ റിന്യൂവൽ സെന്‍ററിൽ നടന്നു. മെത്രാപ്പോലീത്തൻ വികാരി ആർച് ബിഷപ് മാർ ആൻറണി കരിയിലിന്‍റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ അതിരൂപതയിൽ അജപാലനശുശ്രൂഷ ചെയ്യുന്ന 316 വൈദികർ പങ്കെടുത്തു. അതിരൂപത മുഴുവനായും ജനാഭിമുഖ ബലിയർപ്പണത്തിനായി ഇപ്പോൾ നിലനിൽക്കുന്ന ഒഴിവനുവാദകൽപന പുതിയ സർക്കുലറിലൂടെ പിൻവലിക്കരുതെന്ന് വൈദിക സമ്മേളനം ഐകകണ്​ഠ്യേന പാസ്സാക്കിയ പ്രമേയത്തിൽ ആർച് ബിഷപ് കരിയിലിനോട് അഭ്യർഥിച്ചു. വിശുദ്ധ കുർബാനയിലെ വൈദികന്‍റെ സ്ഥാനമുൾപ്പെടെ വിവിധ കാര്യങ്ങളിൽ വ്യത്യസ്​ത രൂപതകളിൽ അനുഷ്ഠാന വൈവിധ്യം ഇപ്പോൾ തന്നെയുണ്ട്. അതിനാൽ ജനാഭിമുഖ കുർബാന, ബലിയർപ്പണത്തിന്‍റെ ഭിന്നരീതിയായി ഔദ്യോഗികമായി സഭ അംഗീകരിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. ഇപ്പോഴുള്ള ഒഴിവനുവാദം പിൻവലിച്ചാൽ ഇടവകകളിൽ വലിയ സംഘർഷങ്ങളും അജപാലന പ്രതിസന്ധികളുമുണ്ടാകും. അതിരൂപതയിലെ നിലവിലെ സാഹചര്യം ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധിയെ വൈദികരും അൽമായരുമടങ്ങുന്ന നിവേദകസംഘം സന്ദർശിച്ച് വിശദീകരിക്കണം. മാത്രവുമല്ല സാധിക്കുമെങ്കിൽ മാർപാപ്പയെത്തന്നെ ഒരിക്കൽകൂടി ആർച് ബിഷപ് മാർ ആൻറണി കരിയിൽ നേരിട്ട് സന്ദർശിച്ച് സാഹചര്യങ്ങളുടെ തീവ്രത വ്യക്തമാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. വികാരി ജനറാൾ ഫാ. ജോയി അയിനിയാടൻ ചർച്ചകൾക്ക് നേതൃത്വം നൽകി. ബസിലിക്ക വികാരി ഫാ. ആൻറണി നരികുളം ആമുഖ പ്രഭാഷണം നടത്തി. വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ്​ മുണ്ടാടൻ പ്രമേയാവതരണം നടത്തി. വൈദിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന വൈദികർക്കായുള്ള പരിശീലന ചർച്ചക്ലാസുകൾക്ക് ഫാ. മാർട്ടിൻ കല്ലുങ്കൽ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.