ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി.എസ്. ഷാന്‍, ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്‍ എന്നിവരെ വധിച്ച കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. സംഭവം നടന്ന് 90 ദിവസം തികയാനിരിക്കെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കിൽ പ്രതികൾ ജാമ്യം നേടിയേക്കുമെന്നതിനാലാണിത്. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഒന്ന്, രണ്ട് കോടതികളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 11 പ്രതികളുള്ള ഷാന്‍ വധക്കേസിൽ 483 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ഷാന്‍ വധത്തില്‍ ആകെ 28 പ്രതികളാണുള്ളത്. 143 സാക്ഷികളും. രഞ്ജിത് ശ്രീനിവാസന്‍ വധക്കേസില്‍ 35 പ്രതികളില്‍ 15 പേരെയാണ് പിടികൂടിയത്. 1100 പേജ് വരുന്ന കുറ്റപത്രമാണ് ആദ്യഘട്ടത്തില്‍ സമർപ്പിച്ചത്. കൊലപാതകത്തിലും ഗൂഢാലോചനയിലും നേരിട്ട് പങ്കുള്ളവരാണിവര്‍. കേസില്‍ ഇരുനൂറോളം സാക്ഷികളുണ്ട്. രണ്ട് കേസിലും രണ്ടാം ഘട്ട കുറ്റപത്രം വൈകാതെ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ജില്ല പൊലീസ് മേധാവി ജി. ജയദേവ് പറഞ്ഞു. രഞ്ജിത് വധക്കേസില്‍ നേരിട്ട് പങ്കെടുത്തവരുടെ തിരിച്ചറിയില്‍ പരേഡ് പൂര്‍ത്തിയാക്കിയ ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അതിനിടെ, ശ്രീനിവാസ് വധക്കേസില്‍ നേരിട്ട് പങ്കെടുത്ത 12 പ്രതികളുടെയും പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടു. മണ്ണഞ്ചേരി സ്വദേശികളായ നൈസാം, അജ്മല്‍, മന്‍ഷാദ്, അടിവാരം സ്വദേശി അബ്ദുല്‍കലാം, വട്ടയാല്‍ സ്വദേശി അനൂപ്, തെക്കനാര്യാട് സ്വദേശി മുഹമ്മദ് അസ്ലം, പൊന്നാട് സ്വദേശി സലാം എന്ന അബ്ദുല്‍ കലാം, ആലപ്പുഴ മുല്ലാത്തുവളപ്പ് സ്വദേശി സഫറുദ്ദീന്‍, ഇരവുകാട് സ്വദേശി അക്കു എന്ന ജെസീബ് രാജ, കല്ലുപാലം സ്വദേശി നവാസ്, വടക്കനാര്യാട് സ്വദേശി നസീര്‍, സമീര്‍ എന്നിവർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തതായാണ് കുറ്റപത്രം. 2021 ഡിസംബര്‍ 18ന് വൈകീട്ട് 7.30ന് മണ്ണഞ്ചേരിയിലെ കടയടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഷാനിനെ ആർ.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തിയത്. മണ്ണഞ്ചേരി കുപ്പേഴം ജങ്ഷനിൽ കാറിലെത്തിയ അക്രമികള്‍ പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിറ്റേന്ന് രാവിലെ 6.30യോടെ ആലപ്പുഴ വെള്ളക്കിണറിലെ വീട്ടില്‍ അക്രമികള്‍ അതിക്രമിച്ചുകയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും കണ്‍മുന്നില്‍വെച്ചാണ് രഞ്ജിത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസിൽ എസ്.ഡി.പി.ഐ പ്രവർത്തകരാണ് പ്രതികൾ. 2021 ഫെബ്രുവരിയില്‍ ആലപ്പുഴ ചേര്‍ത്തലക്കടുത്ത് വയലാറില്‍ ആർ.എസ്.എസ്-എസ്.ഡി.പി.ഐ സംഘർഷത്തിൽ ആർ.എസ്.എസ് പ്രവര്‍ത്തകന്‍ നന്ദുകൃഷ്ണ കൊല്ലപ്പെട്ടതിന്‍റെ പ്രതികാരമായാണ് ഷാനിനെ കൊലപ്പെടുത്തിയത്. ഷാനിന്റെ കൊലപാതകത്തിന് പ്രതികാരമായി രഞ്ജിത്തിന്റെ കൊലപാതകവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.