ഫോര്‍ട്ട്കൊച്ചി-വൈപ്പിന്‍ തുരങ്കപാത കൊച്ചിയുടെ ഗതാഗതരംഗത്ത് നാഴികക്കല്ലാകുമെന്ന് ഗോശ്രീ ആക്ഷന്‍ കൗണ്‍സില്‍

കൊച്ചി: ഫോര്‍ട്ട്കൊച്ചി-വൈപ്പിന്‍ ദ്വീപുകളെ ബന്ധിപ്പിച്ച് കടലിനടിയിലൂടെ തുരങ്കപാത നിര്‍മിക്കുകയാണെങ്കില്‍ കൊച്ചിയുടെ ഗതാഗതരംഗത്ത് നാഴികക്കല്ലാകുമെന്ന് ഗോശ്രീ ആക്ഷന്‍ കൗണ്‍സില്‍. തുരങ്കപാത നിര്‍മിക്കുന്നതിന് നിലവില്‍ തടസ്സമൊന്നുമില്ലെന്നും പാതയുടെ പ്രാധാന്യം സര്‍ക്കാറിനെയും മറ്റു ജനപ്രതിനിധികളെയും ബോധിപ്പിക്കുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മജ്‌നു കോമത്ത്​ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കടലിന്റെ അടിത്തട്ടിലൂടെ ആഴത്തില്‍ തുരന്ന് ഒരു കരയില്‍നിന്ന് മറുകരയിലേക്ക് നിര്‍മിക്കുന്ന ടണലാണ് ആവശ്യം. വൈപ്പിനും ഫോര്‍ട്ട്​കൊച്ചിയും തമ്മില്‍ ഒരു കിലോമീറ്ററില്‍ താഴെ ദൂരമേയുള്ളൂ. ഇതില്‍തന്നെ കടല്‍ഭാഗം 600 മീറ്ററാണ്. ഭൂമിയില്‍ തുടങ്ങി കടലിലൂടെ കടന്ന് വീണ്ടും ഭൂമിയുടെ ഉപരിതലത്തിലൂടെ പുറത്തേക്ക് എത്തുംവിധം വേണം തുരങ്കപ്പാത നിര്‍മിക്കാന്‍. കരയിലും കടലിലുമായി മൂന്ന് കിലോമീറ്ററില്‍ത്താഴെ ദൂരംവരുന്ന പാതയാകും വൈപ്പിനില്‍നിന്ന്​ ഫോര്‍ട്ട്​കൊച്ചിക്ക് വേണ്ടത്. ഇപ്പോഴത്തെ നിരക്കുകള്‍ പ്രകാരം സ്ഥലമെടുപ്പിനടക്കം 1500 കോടി മുതല്‍മുടക്കില്‍ പദ്ധതി പൂര്‍ത്തിയാക്കാം. നിലവിലുള്ള ഫെറിഭാഗം വിട്ട് പടിഞ്ഞാറ് പുതുവൈപ്പില്‍ അഴിമുഖം തുടങ്ങുന്നിടത്തുനിന്ന്​ മുക്കാല്‍ കിലോമീറ്ററോളം മാറി തുരങ്കപ്പാത ആരംഭിക്കാമെന്ന് പദ്ധതി വിഭാവനം ചെയ്ത ഡോ. ജോസ് പോള്‍ ചൂണ്ടിക്കാട്ടി. മറുഭാഗത്ത് ദ്രോണാചാര്യക്ക്​ സമീപത്തായി പാത അവസാനിക്കും. ഈ ഭാഗത്ത് മണലിന് കട്ടിയുള്ളതിനാല്‍ ടണല്‍നിര്‍മാണം എളുപ്പമാകും. കപ്പല്‍ച്ചാലിന് 16 മീറ്റര്‍ ആഴമാണ് വേണ്ടത്. ഇതിലും 20 മീറ്റര്‍ താഴ്ത്തി 35 മീറ്ററോളം ആഴത്തില്‍ വേണം തുരങ്കം നിര്‍മിക്കാന്‍. 40 അടി കണ്ടെയ്‌നറുകള്‍ക്കുവരെ സുഗമമായി പോകാവുന്ന ഉയരത്തിലും വീതിയിലുമാകണം തുരങ്കപ്പാതയെന്നും നിര്‍ദിഷ്ട തീരദേശ ഹൈവേയുമായി ബന്ധപ്പെടുത്തി തുരങ്കപാത നിര്‍മിക്കുകയാണെങ്കില്‍ പ്രയോജനം ഇരട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു. മട്ടാഞ്ചേരി, ഫോര്‍ട്ട്​കൊച്ചി, വല്ലാര്‍പാടം പള്ളി, കുഴുപ്പിള്ളി, മുനമ്പം, ചെറായി ബീച്ചുകള്‍, പള്ളിപ്പുറം കോട്ട, സഹോരന്‍ സ്മാരകം, മാല്യങ്കര, കൊടുങ്ങല്ലൂര്‍ ചേരമാന്‍പള്ളി തുടങ്ങിയവയൊക്കെ ബന്ധിപ്പിക്കപ്പെടും. മുസ്​രിസ് ടൂറിസം മേഖലയുടെ സാധ്യതകളും ഇതുവഴി പ്രയോജനപ്പെടുത്താമെന്നും കൗൺസിൽ ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.