ജില്ലക്ക്​ മധുരിക്കും ബജറ്റ്​

കൊച്ചി: ​വ്യവസായ മന്ത്രിയുടെ തട്ടകമായ ജില്ലക്ക്​ മികച്ച നിരവധി പദ്ധതികൾ പ്രഖ്യാപിച്ച്​ സംസ്ഥാന ബജറ്റ്​. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്​ സമീപം 1000 കോടി മുതൽ മുടക്കിൽ ഇരട്ട ബ്ലോക്കുകളുള്ള സയൻസ്​ പാർക്ക്​, ഇൻഫോ പാർക്കിന്​ ഭൂമി ഏറ്റെടുക്കലിനും അടിസ്ഥാന സൗകര്യ വികസനത്തിനും മാർക്കറ്റിങ്ങിനുമായി 35.75 കോടി ഉൾപ്പെടെയുള്ള പദ്ധതികൾ ഇടംപിടിച്ചു. അതിലൂടെ രണ്ടാം പിണറായി വിജയൻ സർക്കാറിന്‍റെ ആദ്യ സമ്പൂർണ ബജറ്റ്​ ജില്ലക്ക്​ മധുരിക്കുന്നതായി. കൊച്ചി നഗരത്തിന്‍റെ വെള്ളക്കെട്ട്​ നിവാരണം, അയ്യമ്പുഴ ഗിഫ്​റ്റ്​ സിറ്റിക്ക്​ സ്ഥലം ഏറ്റെടുക്കാൻ തുക എന്നിവയെല്ലാം ബജറ്റിൽ ഇടംപിടിച്ചു. ഇ-മൊബിലിറ്റി പ്രമോഷൻ ഫണ്ടിൽ ഉൾപ്പെടുത്തി 10,000 ഇ-ഓട്ടോ പുറത്തിറക്കാൻ സഹായം നൽകുമ്പോൾ ജില്ലക്കും അത്​ ഗുണം ചെയ്യും. കൊച്ചി കാൻസർ സെന്‍ററിന്‍റെ വിപുലീകരണവും ആശ്വാസം പകരുന്ന പദ്ധതിയാണ്​. ബജറ്റിൽ ജില്ലക്ക് നേട്ടമായ പദ്ധതികൾ *സർവകലാശാല കാമ്പസുകളിൽ ട്രാൻസേഷനൽ റിസര്‍ച് സെന്‍ററുകൾ വികസിപ്പിക്കും. സ്റ്റാര്‍ട്ടപ്, ഇന്‍കുബേഷന്‍ സെന്‍ററുകള്‍ സജ്ജമാക്കും. കുസാറ്റ്, ഫിഷറീസ് സര്‍വകലാശാലകള്‍ക്ക് 20 കോടി വീതം. * കൊച്ചി സർവകലാശാല കാമ്പസിൽ ഹോസ്റ്റൽ മുറികൾ നിർമിക്കും *ജില്ല സ്കിൽ പാർക്കിന്​ 10 മുതൽ 15 ഏക്കർ വരെ ഏറ്റെടുക്കും *എറണാകുളം-കൊരട്ടി, എറണാകുളം- ചേര്‍ത്തല എന്നിവിടങ്ങിലെ വിപുലീകൃത ഐ.ടി ഇടനാഴികളിലാണ്​ 5ജി ​ലീഡര്‍ഷിപ് പാക്കേജ് ആദ്യം അവതരിപ്പിക്കുക *അങ്കമാലി കേരള അഗ്രോ മെഷിനറി കോർപറേഷൻ ലിമിറ്റഡിന്​ പുതിയ സാ​ങ്കേതിക വന്യകൾ കരസ്ഥമാക്കാനും ആധുനിക ഉപകരണങ്ങൾ നിർമിച്ച്​ വിപണനം ചെയ്യാനുമുള്ള മൂലധന നിക്ഷേപമായി അഞ്ചുകോടി *ജലസേചന വകുപ്പിനുകീഴിലെ ഇടമലയാർ പ്രോജക്ട്​ 2025ഓടെ കമീഷൻ ചെയ്യും *തീരപ്രദേശങ്ങളെ മണ്ണൊലിപ്പിൽനിന്നും കാലാവസ്ഥ വ്യതിയാനത്തിൽ നിന്നും സംരക്ഷിക്കാൻ​ പുതിയ പദ്ധതിക്ക്​ 100 കോടി. ഇത് ചെല്ലാനം മേഖലക്ക് ഗുണകരമാകും. *അലങ്കാര മത്സ്യകൃഷി പ്രോത്സാഹനത്തിന്​ ആലുവ കടുങ്ങല്ലൂരിലെ കേരള അക്വാ വെഞ്ചേഴ്​സ്​ ഇന്‍റർനാഷനൽ ലിമിറ്റഡിന്​ 50 ലക്ഷം *കുടുംബശ്രീ ഉൽപന്നങ്ങൾക്ക്​ വിപണി കണ്ടെത്താൻ കൊച്ചി കോർപറേഷനിൽ സുസ്ഥിര ഉൽപന്ന വിതരണ ശൃംഖല രൂപവത്കരിക്കും. *സിയാലിന്​ പ്രവർത്തന മൂലധനം വർധിപ്പിക്കാൻ കേരള സർക്കാറിന്‍റെ അവകാശ മൂലധനം ഉറപ്പാക്കാൻ 200 കോടി *കൊച്ചി-പാലക്കാട്​ ഹൈടെക്​ വ്യവസായ ഇടനാഴിയിൽ ഗിഫ്​റ്റ്​ സിറ്റി, വ്യവസായ ഇടനാഴി എന്നിവകളിലായി പ്രതീക്ഷിക്കുന്നത്​ 10,000 കോടിയുടെ നിക്ഷേപം. പദ്ധതിക്ക്​ ആവശ്യമായ 2000 ഏക്കറിൽ 1000 ഏക്കർ സംസ്ഥാന പ്ലാൻ വിഹിതം ഉപയോഗിച്ചും 1000 ഏക്കർ കിഫ്​ബി ധനസഹായം ഉപയോഗിച്ചും ഏറ്റെടുക്കും. *കേരള സ്റ്റാർട്ടപ്​ മിഷന്​ കീഴിൽ കൊച്ചി ടെക്​നോളജി ഇന്നൊവേഷൻ സോണിന്​ 20 കോടി *തിരുവനന്തപുരം-അങ്കമാലി എം.സി റോഡ്​ ഉൾപ്പെടെ രണ്ട്​ റോഡുകളുടെ വികസനത്തിന്​ കിഫ്​ബി വഴി 1500 കോടി *കേരള ഷിപ്പിങ്​ ആൻഡ് ഇൻലാന്‍ഡ്​​ നാവിഗേഷൻ കോർപറേഷന്​ 8.31 കോടി *കൊച്ചി ജലമെട്രോ പദ്ധതി കൊച്ചി മെട്രോ റെയിൽ കോർപറേഷൻ വഴി നടപ്പാക്കുന്നതിന്​ 150 കോടി രൂപ. ആകെ 682.01 കോടിയാണ്​ പദ്ധതിച്ചെലവ്​. കൊച്ചിയിലെ 16 റൂട്ടുകളിലെ 38 ജെട്ടികൾ ഉൾപ്പെടെ 76 കി.മീ ജലപാതയുടെ വികസനമാണ്​ പദ്ധതിവഴി ലക്ഷ്യമിടുന്നത്​. *കൊച്ചി നഗരത്തിലെ യാത്രാ സൗകര്യം വർധിപ്പിക്കുന്നതിന്​ പുതിയ റോ റോ സംവിധാനത്തിന്​ 10 കോടി *ക്രൂയിസ്​ ടൂറിസം പദ്ധതിയിൽ കൊച്ചിയും ഉൾപ്പെടുന്നു. പദ്ധതിക്ക്​ അഞ്ചുകോടി *കളമശ്ശേരി അസാപ്​ സ്കിൽ പാർക്കിൽ ഓഗ്​മെന്‍റഡ്​ റിയാലിറ്റി, വെർച്വൽ റിയാലിറ്റി ലാബുകൾ സ്ഥാപിക്കാൻ 35 കോടിയിൽനിന്ന്​ വിഹിതം *പണ്ഡിറ്റ്​ കറുപ്പൻ സ്മാരകം ചേരാനല്ലൂർ അൽ ഫാറൂഖിയ സ്കൂളിന്​ എതിർവശത്തെ അകത്തട്ട്​ പുരയിടത്തിൽ സ്ഥാപിക്കും. കറുപ്പന്‍റെ പ്രതിമ ഉൾപ്പെടുന്ന സ്മാരകത്തിന്​ 30 ലക്ഷം *കൊച്ചി കാൻസർ റിസർച്​ സെന്‍ററിനെ മധ്യകേരളത്തിലെ ഒരു അപെക്സ്​ കാൻസർ സെന്‍ററായി വികസിപ്പിക്കും. 360 കിടക്കയുള്ള കെട്ടിടത്തിന്‍റെ ഒന്നാംഘട്ടം 2022-23 സാമ്പത്തിക വർഷം പൂർത്തീകരിക്കും. ഇതിന്​ 14.5 കോടി രൂപ. *സംസ്ഥാനത്തെ പ്രധാനപ്പെട്ട 10 അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക്​ അനുവദിക്കുന്ന 507 കോടിയിൽനിന്ന്​ കൊച്ചി മെട്രോ റെയിൽ, കൊച്ചി സംയോജിത ജലഗതാഗത സംവിധാനം എന്നിവക്ക്​ വിഹിതം *എറണാകുളം നഗരത്തിലെ വെള്ളക്കെട്ട്​ ഒഴിവാക്കുന്നതിനുള്ള ഓപറേഷൻ ബ്രേക്​ത്രൂ പദ്ധതിക്ക്​ 10 കോടി *കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തുല്യ അനുപാതത്തിലുള്ള സ്മാർട്ട്​ സിറ്റി മിഷൻ പദ്ധതിക്കുകീഴിൽ കൊച്ചിയുണ്ട്​. കൊച്ചി, കോഴിക്കോട്​ നഗരങ്ങളിലെ വിവിധ റോഡുകളുടെ ഡി.പി.ആർ തയാറാക്കാൻ​ അഞ്ചുകോടി *എറണാകുളം ഫോർഷോർ റോഡിലെ ഗോത്രവർഗ സാംസ്കാരിക ഹബിന്​ 2.2 കോടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.