കുർബാന അർപ്പണം; പൗരസ്ത്യ കാര്യാലയം അന്തിമ നിർദേശം നൽകിയെന്ന് ആലഞ്ചേരി

കൊച്ചി: സിറോ മലബാർ സഭയിലെ കുർബാന ഏകീകരണം നടപ്പാക്കാനുള്ള അന്തിമ നിർദേശം അടങ്ങിയ പൗരസ്ത്യ കാര്യാലയത്തിന്‍റെ കത്ത് ലഭിച്ചതായി സഭ മേജർ ആർച് ബിഷപ് മാർ ജോർജ് ആലഞ്ചേരി. പൗരസ്ത്യ സഭകളിലെ ഒഴിവുനൽകല്‍ പ്രക്രിയയില്‍ (ഡിസ്​പെൻസേഷൻ) ഇനി മെത്രാപ്പോലീത്തന്‍ വികാരിക്ക് മേജര്‍ ആര്‍ച് ബിഷപ്പിന്‍റെ അംഗീകാരം വേണമെന്നാണ് കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. സിനഡ് തീരുമാനമനുസരിച്ച് വേണം എല്ലാവരും മുന്നോട്ടുപോകാനെന്നും പ്രത്യേക സാഹചര്യത്തിൽ സിനഡ് തീരുമാനങ്ങൾക്ക്​ വിധേയമായി മാത്രമേ കുർബാന അർപ്പണ വിഷയത്തിൽ ഒഴിവ് നൽകാനാവൂ എന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന്​ ആലഞ്ചേരി പറഞ്ഞു. എന്നാൽ, കത്തിനെതിരെയും ആല​ഞ്ചേരിയുടെ പ്രസ്താവനക്കെതിരെയും എറണാകുളം-അങ്കമാലി അതിരൂപത സംരക്ഷണ സമിതി, അൽമായ മുന്നേറ്റം എറണാകുളം അതിരൂപത എന്നിവർ രംഗത്തുവന്നു. ഡിസ്​പെൻസേഷന് മേജര്‍ ആര്‍ച് ബിഷപ്പിന്‍റെ അംഗീകാരം വേണമെന്ന കൽപന കാനോനിക നിയമങ്ങളുടെ ലംഘനമാണെന്നും ഇതിനെതിരെ കത്തോലിക്ക സഭയുടെ സുപ്രീം ട്രൈബ്യൂണലില്‍ അപ്പീല്‍ നൽകാൻ വകുപ്പുണ്ടെന്നും എറണാകുളം-അങ്കമാലി അതിരൂപത സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി. പ്രതിസന്ധി പഠിക്കാനോ അതേക്കുറിച്ച് എന്തെങ്കിലും പറയാനോ മുതിരാത്ത പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്‍റെ എറണാകുളം-അങ്കമാലി അതിരൂപതയോടുള്ള ചിറ്റമ്മനയം ക്രൈസ്തവികമല്ലെന്നും കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പറഞ്ഞു. അതിരൂപതക്ക് മാർപാപ്പയുടെ നിർദേശം അനുസരിച്ച്​ മാർ ആന്‍റണി കരിയിൽ നൽകിയ ഡിസ്‌പെൻസേഷൻ പിൻവലിക്കാൻ അനുവദിക്കില്ലെന്ന് അൽമായ മുന്നേറ്റം വ്യക്തമാക്കി. കാർഡിനൽ സാന്ദ്രിയുടെയും കർദിനാൾ ആലഞ്ചേരിയുടെയും നിർദേശം അർഹിക്കുന്ന രീതിയിൽ തള്ളിക്കളയുമെന്നും അവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.