മതസൗഹാര്‍ദത്തിന്‍റെ തണലായി 'മസ്ജിദുല്‍ ഹിമായ'

(പടം) നെട്ടൂരില്‍ വിരിഞ്ഞ മതസൗഹാര്‍ദത്തിന്‍റെ തണലാണ് 'മസ്ജിദുല്‍ ഹിമായ' ജുമാമസ്ജിദ്. പിതാവിന്‍റെ സ്മരണക്ക്​ പള്ളിക്ക് സ്ഥലം നല്‍കിയത് മാധവമേനോന്‍, മാതാവിന്‍റെ സ്മരണക്ക്​ പള്ളി പുനര്‍നിര്‍മിച്ച് നല്‍കിയത് എം.എ. യൂസുഫലിയുടെ പത്നി സാബിറ യൂസുഫലി. ഇങ്ങനെ മതസൗഹാര്‍ദത്തിന്‍റെ ഉത്തമപര്യായമായാണ് ദേശീയപാതയോരത്ത് നെട്ടൂരില്‍ മസ്ജിദുല്‍ ഹിമായ മസ്ജിദ് നിലകൊള്ളുന്നത്. വിശ്വാസത്തിന് അതിര്‍വരമ്പുകളില്ലെന്ന് തെളിയിച്ച്​ നെട്ടൂര്‍ പൂണിത്തുറ സ്വദേശി ഡാന്‍സര്‍ കെ.മാധവമേനോനാണ് പള്ളി പണിയുന്നതിന്​ ആറു സെന്‍റ്​ സ്ഥലം 1978ല്‍ ദാനം ചെയ്തത്. തന്‍റെ പിതാവ് ഇട്ടിരാരിച്ച മേനോക്കിയുടെ സ്മരണക്കായാണ് മാധവമേനോന്‍ സ്ഥലം നൽകിയത്. മൂന്ന് നിലയിലായി 16,000 ചതുരശ്ര അടി വിസ്തൃതിയിലാണ് പള്ളി നിര്‍മിച്ചിരിക്കുന്നത്. മൂന്നുനിലകളിലുമായി 1800ഓളം പേര്‍ക്ക് ഒരേസമയം പ്രാര്‍ഥിക്കാന്‍ സൗകര്യമുണ്ട്. യാത്രക്കാരായ സ്ത്രീകള്‍ക്ക് പ്രാര്‍ഥനക്ക്​ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. 1978 ഒക്ടോബര്‍ 10നായിരുന്നു ആദ്യ പള്ളിയുടെ ശിലാസ്ഥാപനം നടന്നത്. 1981 നവംബര്‍ 22ന് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്തത്. പിന്നീട് 2020 നവംബറിലാണ് ഇപ്പോഴുള്ള അറേബ്യന്‍ മാതൃകയില്‍ ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസുഫലിയുടെ പത്നി സാബിറ യൂസുഫലി ഈ പള്ളി പുനര്‍നിര്‍മിച്ചുനല്‍കാമെന്ന് അറിയിച്ചത്. മസ്ജിദുല്‍ ഹിമായയുടെ ഉദ്ഘാടനം എം.എ. യൂസുഫലിയാണ് ഓണ്‍ലൈനായി നിര്‍വഹിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.