പ്രണയം നിരസിച്ച വിദ്യാർഥിനിയെ ഓട്ടോ ഇടിപ്പിച്ച്​ കൊലപ്പെടുത്താൻ ശ്രമം; മൂന്നുപേർ അറസ്റ്റിൽ

കളമശ്ശേരി: പ്രണയാഭ്യർഥന നിരസിച്ച വിദ്യാർഥിനിയെ ഓട്ടോറിക്ഷ ഇടിപ്പിച്ച്​ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ. ഏലൂർ പാതാളം സ്വദേശികളായ വള്ളോപ്പിള്ളി കോട്ടപറമ്പ് വീട്ടിൽ ശിവ (18), കാർത്തിക് (19), ചിറാക്കുഴി വീട്ടിൽ സെൽവം (34) എന്നിവരെയാണ് ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് 3.50 ഓടെ പാതാളം ജങ്ഷനിലാണ് സംഭവം. പഠനം കഴിഞ്ഞ് സഹപാഠികൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാർഥിനിക്കുനേരെയാണ് ആക്രമണമുണ്ടായത്​. പ്രതികൾ ഓട്ടോയിൽ ആദ്യം വിദ്യാർഥിനിക്കുനേരെ വേഗം കുറച്ച്​ വന്നു. അടുത്ത് എത്തിയപ്പോൾ ഒരാൾ സിഗരറ്റ് കുറ്റി വിദ്യാർഥിനിക്കുനേരെ വലിച്ചെറിഞ്ഞ് കടന്നുപോയി. പിന്നീട്​ ഓട്ടോ തിരിച്ച്​ വിദ്യാർഥിനിയു​ടെ പിന്നിലൂടെ വരുകയായിരുന്നു. ശബ്ദം കേട്ട് തിരിഞ്ഞുനോക്കുമ്പോൾ ഓട്ടോ പാഞ്ഞുവരുന്നത്​ കണ്ട്​ പെൺകുട്ടി ഇടതുഭാഗത്തേക്ക് ചാടി മാറുകയായിരുന്നു. പ്രതി ശിവ മുമ്പ് പ്രണയാഭ്യർഥന നടത്തിയിരുന്നെങ്കിലും പെൺകുട്ടി നിരസിച്ചിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിൽ വഴിയരികിൽ നിന്ന്​ കളിയാക്കുകയും പിന്നാലെ വന്ന് ശല്യം ചെയ്തിരുന്നതായും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.