വനിത ജഡ്‌ജിമാരുടെ ഫുൾബെഞ്ചിൽ സർക്കാറിനുവേണ്ടി വാദം നിരത്തി​ അഭിഭാഷക

കൊച്ചി: വനിതദിനത്തിൽ മൂന്ന്​ വനിത ജഡ്‌ജിമാർ മാത്രം ഉൾപ്പെട്ട ഹൈകോടതി ഫുൾബെഞ്ച് സിറ്റിങ്ങിൽ സർക്കാർ വാദം അവതരിപ്പിക്കാനെത്തിയത്​ അഭിഭാഷക. ജസ്റ്റിസ് അനു ശിവരാമൻ, ജസ്റ്റിസ് എം.ആർ. അനിത, ജസ്റ്റിസ് വി. ഷെർസി എന്നിവരടങ്ങുന്ന ഫുൾബെഞ്ചാണ് ചൊവ്വാഴ്ച വൈകീട്ട് മൂന്നരക്ക്​ ഗുരുവായൂർ ദേവസ്വം ഫണ്ടുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക സിറ്റിങ്​ നടത്തിയത്​. ചരിത്രത്തിലാദ്യമായി വനിത ജഡ്ജിമാർ മാത്രം അടങ്ങുന്ന ഫുൾബെഞ്ച് സിറ്റിങ്​ നടക്കുമ്പോൾ സ്​പെഷൽ ഗവ. പ്ലീഡർ എം.ആർ. ശ്രീലതയെ സർക്കാർ ഭാഗം വാദിക്കാൻ അഡ്വക്കറ്റ്​ ജനറൽ നിയോഗിക്കുകയായിരുന്നു. സാധാരണ മറ്റൊരു ഗവ. പ്ലീഡറാണ് ഈ കേസിൽ ഹാജരാകാറുള്ളത്​. ഗുരുവായൂർ ദേവസ്വത്തിന്‍റെ ഫണ്ടിൽനിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ ദേവസ്വം മാനേജിങ്​ കമ്മിറ്റിക്ക് അധികാരമില്ലെന്ന ഫുൾ ബെഞ്ചിന്‍റെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന്​ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ റിവ്യൂ ഹരജിയാണ് ഫുൾബെഞ്ച് പരിഗണിച്ചത്​. നേരത്തേ ഈ ഹരജി ജസ്റ്റിസ് ഹരിപ്രസാദ്, ജസ്റ്റിസ് അനു ശിവരാമൻ, ജസ്റ്റിസ് എം.ആർ. അനിത എന്നിവരുൾപ്പെട്ട ബെഞ്ചാണ് പരിഗണിച്ചിരുന്നത്. ജസ്റ്റിസ് ഹരിപ്രസാദ് വിരമിച്ചതോടെ ജസ്റ്റിസ് വി. ഷെർസിയെ ഫുൾബെഞ്ചിൽ ഉൾപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച കോടതി പിരിയുംവരെ സർക്കാർ വാദമാണ്​ ഫുൾബെഞ്ച്​ കേട്ടത്​. തുടർന്ന്​ ഹരജി വീണ്ടും രണ്ടാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.