വെൺമണി ഇരട്ടക്കൊല: ഒന്നാംപ്രതിക്ക്​ വധശിക്ഷ; രണ്ടാം പ്രതിക്ക്​ ജീവപര്യന്തം

മാവേലിക്കര: ചെങ്ങന്നൂര്‍ വെണ്‍മണിയില്‍ വയോദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ബംഗ്ലാദേശ്​ പൗരന്മാരായ ഒന്നാം പ്രതിക്ക്​ വധശിക്ഷയും രണ്ടാം പ്രതിക്ക്​ ജീവപര്യന്തവും ശിക്ഷ. മാവേലിക്കര അഡി. ജില്ല കോടതി-രണ്ട്​ ജഡ്ജി കെന്നത്ത് ജോര്‍ജാണ്​ ശിക്ഷ വിധിച്ചത്​. ചെങ്ങന്നൂര്‍ വെൺമണി കോടുകുളഞ്ഞി കരോട് ആഞ്ഞിലിമൂട്ടില്‍ എ.പി. ചെറിയാന്‍ (കുഞ്ഞുമോന്‍-76), ഭാര്യ ഏലിക്കുട്ടി (ലില്ലി -68) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ്​ ബംഗ്ലാദേശ് സ്വദേശികളായ ലബ്​ലു ഹസന്​ (39) വധശിക്ഷയും ഇരട്ട ജീവപര്യന്തവും രണ്ടാം പ്രതി ജുവൽ ഹസന്​ (24) മൂന്ന്​ ജീവപര്യന്തവും​ ശിക്ഷിച്ചത്​. ഇരുവര്‍ക്കും നാലുലക്ഷം രൂപവീതം പിഴയും ചുമത്തി. പിഴത്തുക കൊല്ലപ്പെട്ടവരുടെ മക്കൾക്ക്​ നല്‍കണം. പിഴത്തുക അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം വീതം കൂടി തടവ് അനുഭവിക്കണം. 2019 നവംബര്‍ 19നാണ് ബംഗ്ലാദേശ് സ്വദേശികളായ ലബ്‌ലു ഹസന്‍, ജുവല്‍ ഹസന്‍ എന്നിവർ ചേർന്ന്​ വയോദമ്പതികളെ കൊലപ്പെടുത്തിയത്. കൊലക്കുശേഷം 45 പവന്‍ സ്വര്‍ണാഭരണങ്ങളും 17,338 രൂപയും കവര്‍ന്ന് കേരളം വിട്ട പ്രതികളെ നവംബര്‍ 13ന് വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ ജോലിക്കെത്തിയ പ്രതികള്‍ ഇവിടെ സ്വര്‍ണം ഉണ്ടെന്ന്​ മനസ്സിലാക്കി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. പ്രതിഭാഗത്തുനിന്ന്​ രണ്ട് സാക്ഷികളെയടക്കം 62 സാക്ഷികളെ വിസ്തരിച്ച കേസില്‍ 103 തൊണ്ടി മുതലും 80 രേഖകളും ഹാജരാക്കി. വിശാഖപട്ടണം ആര്‍.പി.എഫിലെ അഞ്ചുപേരും ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍, അസം, പുതുച്ചേരി സ്വദേശികളും സാക്ഷികളായി. പ്രോസിക്യൂഷനുവേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. സോളമന്‍, സരുണ്‍ കെ. ഇടിക്കുള എന്നിവര്‍ ഹാജരായി. ചെങ്ങന്നൂര്‍ സി.ഐ ആയിരുന്ന സുധിലാലിനായിരുന്നു കേസിന്‍റെ അന്വേഷണച്ചുമതല. അന്വേഷണസംഘത്തിൽ മാന്നാർ സി.ഐ ജോസ് മാത്യു, നൂറനാട് എസ്.ഐ ബിജു, വെൺമണി എസ്.ഐമാരായ രാജീവ്, സുഭാഷ് ബാബു, സിവിൽ പൊലീസ് ഓഫിസറായ ഷെഫീഖ്, ഉണ്ണികൃഷ്ണപിള്ള, അരുൺ ഭാസ്കർ എന്നിവർ ഉണ്ടായിരുന്നു. ഫോട്ടോ: 1 കൊല്ലപ്പെട്ട എ.പി. ചെറിയാന്‍ (കുഞ്ഞുമോന്‍), ഭാര്യ ഏലിക്കുട്ടി ചെറിയാന്‍ (ലില്ലി). ഫോട്ടോ: 2 വധശിക്ഷക്ക് വിധിച്ച ലബ്​ലു ഹസൻ (കഷണ്ടി), രണ്ടാം പ്രതി ജൂവൽ ഹസൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.