ആലുവ: കീഴ്മാട് പഞ്ചായത്തിലെ നാലാംമൈലിൽ കെ- റെയിൽ സർവേ കല്ല് സ്‌ഥാപിക്കുന്നതിനെതിരെ കനത്ത പ്രതിഷേധം. പ്രതിഷേധക്കാരായ ഏഴുപേരെ അറസ്‌റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ പ്രദേശത്തെ വിശാലമായ റബർ തോട്ടത്തിലും സമീപത്തെ പാടശേഖരത്തിലും റോഡിലും കല്ലുകൾ സ്‌ഥാപിച്ചു. തുടർന്ന് പുരയിടങ്ങളിൽ കല്ലിടാൻ ഉദ്യോഗസ്‌ഥർ എത്തിയതോടെയാണ് പ്രതിഷേധമുയർന്നത്. സ്ത്രീകൾ അടക്കം പ്രതിരോധിച്ചു. ഇതോടെ സമരത്തിന് നേതൃത്വം നൽകിയവരിൽ ഏഴുപേരെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. പ്രതിഷേധക്കാർ വഴങ്ങാത്തതിനാൽ ബലം പ്രയോഗിച്ചാണ് ഇവരെ പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. ഇതിനിടയിൽ പൊലീസ് ഉദ്യോഗസ്‌ഥർ മോശമായി പെരുമാറിയെന്നാരോപിച്ച് അറസ്റ്റിലായവരിൽ ചിലർ വാഹനത്തിൽ കയറാൻ കൂട്ടാക്കിയില്ല. ഇവരെയും ബലം പ്രയോഗിച്ച് കയറ്റുകയായിരുന്നു. കബീൽ തറയിൽ, ടി.പി.ഹാഷിം, ടി.പി.ശിഹാബ്, എം.പി.അലി, എ.എ.അബ്‌ദുൽ സത്താർ, ടി.എം. ആദിൽ, റഷീദ് എടയപ്പുറം എന്നിവരെയാണ് അറസ്‌റ്റ് ചെയ്തത്. എടത്തല പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയ ഇവരെ സർവേ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടത്. പ്രതിഷേധക്കാരെ നീക്കിയശേഷം കല്ലിടൽ ആരംഭിച്ചു. ഏഴോളം പറമ്പുകളിൽ കല്ലിട്ടു. സ്ത്രീകൾ പ്രതിരോധം തീർത്തതിനാൽ പല പുരയിടങ്ങളിലും കല്ലിടാനായില്ല. ഇതിനിടയിൽ തന്‍റെ പുരയിടത്തിൽ കല്ലിടാനെത്തിയ ഉദ്യോഗസ്‌ഥർക്കെതിരെ തറയിൽ ആമിന (80) എന്ന വീട്ടമ്മ ശക്തമായി പ്രതിരോധിച്ചു. ഇവരെ നീക്കം ചെയ്യാൻ വനിത പൊലീസ് ഉദ്യോഗസ്‌ഥർ ബലം പ്രയോഗിച്ചതോടെ നിലത്തുകിടന്ന് പ്രതിഷേധിച്ചു. അവിടെനിന്ന് നീക്കം ചെയ്യാൻ ശ്രമിച്ചതോടെ നാട്ടുകാർ ഇടപെട്ടു. ആമിനക്ക് പല അസുഖങ്ങളുള്ളയാളാണെന്നും അവർക്കെന്തെങ്കിലും സംഭവിച്ചാൽ പ്രശ്നം വഷളാകുമെന്നും അറിഞ്ഞതോടെ പൊലീസ് പിൻവാങ്ങി. പിന്നീട് ഏറെ സമയങ്ങൾക്ക് ശേഷം വീണ്ടും മറ്റൊരു വീട്ടിൽ കല്ലിടാൻ ശ്രമിച്ചു. എന്നാൽ, ഇവിടെയും സ്ത്രീകൾ പ്രതിരോധം തീർത്തു. ഇതോടെ അവിടെനിന്ന് ഉദ്യോഗസ്‌ഥർ പിൻവാങ്ങി. പിന്നീട് പൊതുസ്‌ഥലങ്ങളിൽ മാത്രം കല്ലിട്ട് വൈകീട്ട് അഞ്ചുമണിയോടെ തിരിച്ചുപോയി. നിലവിൽ കീഴ്മാട് പഞ്ചായത്തിന്‍റെ അതിർത്തിയായ നാലാംമൈൽ കവലവരെയാണ് സർവേ കല്ലുകൾ സ്‌ഥാപിച്ചത്. ബുധനാഴ്ച നാലാംമൈലിലെ എടത്തല പഞ്ചായത്ത് പ്രദേശത്തു സർവേ ആരംഭിക്കുമെന്നാണ് അറിയുന്നത്. ചൊവ്വാഴ്ച നടന്ന പ്രതിഷേധങ്ങൾക്ക് മുൻ പഞ്ചായത്ത് അംഗം പി.എ. മുജീബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജിദ നൗഷാദ്, ടി.എസ്. ഷറഫുദ്ദീൻ, ലത്തീഫ് നാലാംമൈൽ, ടി.പി. ഷെമീർ, ടി.എ.റസാഖ്, വിപിൽ തോട്ടത്തിപ്പറമ്പിൽ, ടി.എ.റഷീദ്, ബെന്നി മാത്യു, അശ്വിൻ മടിപ്പള്ളി, സമരസമിതി നേതാക്കളായ കെ.പി. സാൽവിൻ, എ.എം. ഇസ്മായീൽ, എ.ജി. അജയൻ, റഷീദ്, ലോറൻസ് തുടങ്ങിയവർ നേതൃത്വം നൽകി. ക്യാപ്‌ഷൻ ekg yas2 k rail amina ആലുവ നാലാംമൈൽ ഭാഗത്ത് പുരയിടത്തിൽ കല്ലിടാനെത്തിയ ഉദ്യോഗസ്‌ഥർക്കെതിരെ നിലത്തുകിടന്ന് പ്രതിഷേധിക്കുന്ന തറയിൽ ആമിനയെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.