കടുങ്ങല്ലൂർ: എടയാറിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന മാലിന്യ പ്ലാൻറിനെതിരെ വൻ ജനകീയ പ്രതിഷേധം. എടയാർ പ്രദേശത്ത് ജനവാസ മേഖലയോട് ചേർന്ന് വ്യവസായ വകുപ്പിന്‍റെ സ്ഥലത്താണ് മാലിന്യ പ്ലാൻറ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിനുവേണ്ടി ഭൂമി നിരപ്പാക്കാനുള്ള ശ്രമമാണ് തിങ്കളാഴ്ച നാട്ടുകാർ തടഞ്ഞത്. ഇവിടെ മാംസാവശിഷ്ടമടക്കമുള്ള മാലിന്യങ്ങൾ സംസ്കരിക്കാനുള്ള പ്ലാൻറാണ് സ്ഥാപിക്കാൻ നീക്കമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുവരെ മാലിന്യം കൊണ്ടുവരുമെന്നും പ്രതിഷേധക്കാർ ആരോപിച്ചു. ഇതോടെ പ്രദേശത്ത് താമസിക്കാൻ കഴിയാതെ വരുമെന്നാണ് നാട്ടുകാരുടെ ആശങ്ക. കമ്പനിക്കെതിരെ മാസങ്ങളായി വിവിധ രാഷ്‌ട്രീയ പാർട്ടികളും ജനകീയ സമിതിയും പ്രതിഷേധമുയർത്തുന്നുണ്ട്. എന്നാൽ, ഇതെല്ലാം അവഗണിച്ചാണ് അധികാരികൾ നിർമാണം ആരംഭിക്കാൻ ശ്രമിച്ചതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഞായറാഴ്ച്ച രാത്രി മുതൽ അധികൃതർ ഇതിനുള്ള തയാറെടുപ്പുകൾ നടത്തിയിരുന്നു. വലിയ സന്നാഹങ്ങളോടെയാണ് ഭൂമി നിരത്തൽ ആരംഭിക്കാൻ ശ്രമിച്ചത്. എന്നാൽ, സംഘടിച്ചെത്തിയ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകൾ നീക്കംതടയുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് മുട്ടത്തിൽ, വാർഡ് അംഗം സുനിതകുമാരി, വിവിധ രാഷ്‌ട്രീയ പാർട്ടി നേതാക്കളായ വി.കെ. ഷാനവാസ്, ടി.ജെ. ടൈറ്റസ്, നാസർ എടയാർ (കോൺഗ്രസ്), പി.ജെ. അനിരുദ്ധൻ, സി.കെ. ഉണ്ണി (സി.പി.എം), എൻ.പി. പ്രഭാകരൻ, രതീഷ് (ബി.ജെ.പി), കെ.ഇ. സുബൈർ, ഇസ്മയിൽ (സി.പി.ഐ) നൗഷാദ്, എം.എ. ഷാജി (മുസ്ലിം ലീഗ്), പി.ഇ. ഷംസു, അഷ്റഫ് താപ്പിലാൻ (വെൽഫെയർ പാർട്ടി ) അബ്‌ദുൽ സലാം, ഫൈസൽ (എസ്.ഡി.പി.ഐ) എന്നിവരും ജനകീയ സമിതി ഭാരവാഹികളായ ടി.ബി. ഷിയാസ്, മഹേഷ് കുമാർ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. ഇതിനിടയിൽ പഞ്ചായത്ത് പ്രസിഡൻറ് മന്ത്രി പി. രാജീവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ധരിപ്പിച്ചു. ഇതേതുടർന്ന് തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കലക്ടറുടെ സാന്നിധ്യത്തിൽ ചർച്ചചെയ്യാമെന്ന് മന്ത്രി അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഉപരോധം തൽക്കാലം അവസാനിപ്പിച്ചതായി സമരസമിതി അറിയിക്കുകയായിരുന്നു. വൈകീട്ട് കളമശ്ശേരിയിൽ നടന്ന ചർച്ചയിൽ മന്ത്രി പി. രാജീവ്, കലക്ടർ ജാഫർ മാലിക്, പഞ്ചായത്ത് പ്രസിഡൻറ്, അംഗങ്ങൾ, സമരസമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. എടയാറിൽ തുടങ്ങാനുദ്ദേശിക്കുന്നത് കെട്ടിടാവശിഷ്ടങ്ങൾ സംസ്കരിച്ച് സിമൻറ് കട്ടകൾ നിർമിക്കുന്ന യൂനിറ്റാണെന്ന് അധികൃതർ വ്യക്തമാക്കി. മറ്റുതരത്തിലുള്ള മാലിന്യങ്ങൾ അവിടെ സംസ്കരിക്കില്ല. സമരസമിതി പ്രതിനിധികളെ, കേരളത്തിന് പുറത്തുള്ള ഇത്തരം കമ്പനിയുടെ പ്രവർത്തനം നേരിട്ട് ബോധ്യപ്പെടുത്തുമെന്നും കലക്ടറും മന്ത്രിയും അറിയിച്ചു. അതിന് ശേഷമേ കമ്പനി തുടങ്ങുകയുള്ളൂവെന്നും അവർ അറിയിച്ചതായി പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് മുട്ടത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.