എം.സി റോഡിൽ അപകടം തുടർക്കഥ: സേഫ്റ്റി ഓഡിറ്റ് റിപ്പോർട്ട് ഫയലിൽ ഉറങ്ങുന്നു

മൂവാറ്റുപുഴ: എം.സി. റോഡിലടക്കം അപകടങ്ങൾ തുടർക്കഥയാകുമ്പോഴും വിദഗ്ധ സമിതി സമർപ്പിച്ച സേഫ്റ്റി ഓഡിറ്റ് റിപ്പോർട്ട് ഫയലിൽ ഉറങ്ങുന്നു. 2018 ൽ സമർപ്പിച്ച റിപ്പോർട്ടാണ് കലക്ടറേറ്റിൽ പൊടിപിടിച്ച്​ കിടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മൂവാറ്റുപുഴ- കോട്ടയം എം.സി റോഡിൽ ഈസ്റ്റ് മാറാടിയിൽ ഉണ്ടായ രണ്ട് അപകടങ്ങളിലായി നാല് പേർ മരിച്ച സാഹചര്യത്തിലാണ് ഇത് വീണ്ടും ചർച്ചയായിരിക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 40 ലക്ഷം രൂപയുടെ കർമ പദ്ധതി തയാറാക്കി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ജില്ല കലക്ടർക്ക് നൽകിയെങ്കിലും നാലു വർഷം കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല. നിയോജക മണ്ഡലത്തിലെ മൂവാറ്റുപുഴ സര്‍ക്കിൾ പരിധിയിലും കല്ലൂർക്കാട് സർക്കിൾ പരിധിയിലുമായി നാലു വർഷത്തിനിടെ അപകടത്തിൽ പൊലിഞ്ഞത് 80 ഓളം പേരാണെന്നാണ് ഔദ്യോഗിക കണക്കുകൾ. അപകടങ്ങൾ വർധിച്ചതോടെ ജനരോഷം ഉയരുകയും റോഡ് ഉപരോധമടക്കമുള്ള സമരങ്ങൾ ശക്തമാകുകയും ചെയ്തതോടെയാണ് 2018 ൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി സേഫ്റ്റി ഓഡിറ്റ് റിപ്പോർട്ട് തയാറാക്കിയത്. കൊടുംവളവുകളിൽ ഹംപുകൾ സ്ഥാപിക്കണമെന്നും റോഡരികിലെ കാടുകൾ വെട്ടിമാറ്റണമെന്നും, ആവശ്യമായ ഇടങ്ങളിൽ സിഗ്​നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്നും റിപ്പോർട്ടിലുണ്ട്. അപകടങ്ങൾ വിളിച്ചു വരുത്തുന്ന കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നും റോഡിലേക്കു കയറി നിൽക്കുന്ന വൈദ്യുതി തൂണുകൾ നീക്കണമെന്നും, താഴ്ന്നു കടന്നു പോകുന്ന വൈദ്യുതി ലൈനുകൾ മാറ്റണമെന്നും വിശദമായുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കര്‍മ പദ്ധതി തയാറാക്കി ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. വാഹന പരിശോധനയിലൂടെ മാത്രം അപകടങ്ങൾ കുറയ്ക്കാനാവില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം. അപകടരഹിതമായ പാത ഉറപ്പാക്കാൻ കഴിയണം. റോഡിലെ ചില ഭാഗങ്ങളിലുണ്ടായിട്ടുള്ള നിർമാണത്തിലെ അപാകതകൾ പരിഹരിച്ചാൽ അപകടങ്ങൾ വളരെ അധികം കുറക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചിത്രം : ഈസ്റ്റ് മാറാടിയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം. EM Mvpa 3 Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.