പെരിയാർ വാലി മണ്ണിടിഞ്ഞ് വരാപ്പുഴ ബ്രാഞ്ച് കനാൽ അപകടാവസ്ഥയിൽ

ആലങ്ങാട്: മണ്ണിടിഞ്ഞ് പെരിയാർ വാലി വരാപ്പുഴ ബ്രാഞ്ച് കനാൽ അപകടാവസ്ഥയിൽ. ആലങ്ങാട് പഞ്ചായത്തിലെ ചേർത്തനാട് ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. 2019ലെ തീവ്രമഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിന് പരിഹാരം എന്ന നിലയിൽ ഒരു കൂട്ടം ആളുകൾ ചേർന്ന് ഈ പ്രദേശത്ത് കനാലിന്റെ ഒരു ഭാഗം പൊളിച്ചു മാറ്റിയിരുന്നു. അത് ഇതുവരെ പുനർനിർമിച്ചിട്ടില്ല. പഞ്ചായത്ത് മുൻകൈയെടുത്ത് രണ്ട് വലിയ പൈപ്പ്​ സ്ഥാപിച്ചാണ് കനാലിലൂടെ വെള്ളം ഒഴുക്കുന്നത്. മണ്ണ് ഇടിഞ്ഞതുമൂലം ഇപ്പോൾ കനാലിലൂടെ വെള്ളം ഒഴുക്കാൻ കഴിയുന്നില്ല. വേനൽക്കാലം രൂക്ഷമായതോടെ കുടിവെള്ളത്തിനും കൃഷിക്കും ജനങ്ങൾ ആശ്രയിക്കുന്ന കനാൽ വെള്ളം ഇതോടെ തടസ്സപ്പെട്ടിരിക്കുകയാണ്. മഴക്കാലത്ത് കരുമാല്ലൂർ പഞ്ചായത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽനിന്നുവരുന്ന വെള്ളം ഒഴുകിപ്പോകുന്ന എളവനത്തോട് ഈ മണ്ണിടിച്ചിൽ മൂലം നികന്ന് നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. പെരിയാർ വാലി അസി. എക്സി. എൻജിനീയർ ഫെബി ലൂയിസ്, പഞ്ചായത്ത്‌ പ്രസിഡൻറ് പി.എം. മനാഫ്, മന്ത്രി പി. രാജീവിന്റെ പേഴ്സനൽ അസിസ്റ്റന്റ് വിനോദ്, ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.