ചെറിയപ്പിള്ളി പാലത്തിന് സമീപം പിക്​അപ്​ വാനും മിനിലോറിയും കൂട്ടിയിടിച്ചു

പറവൂർ: ചെറിയപ്പിള്ളി പാലത്തിന് സമീപം പിക്​അപ്​ വാനും മിനി ലോറിയും കൂട്ടിയിടിച്ചതിനെ തുടർന്ന് ദേശീയ പാതയിൽ രണ്ടു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച ഉച്ചക്ക് രണ്ടരക്കായിരുന്നു സംഭവം. അപകടത്തിൽ ഇരുവാഹനത്തിലെയും ഡ്രൈവർമാർക്ക് നിസ്സാര പരിക്കേറ്റു. മിനിലോറി സിമന്റ് കയറ്റി വരാപ്പുഴ ഭാഗത്തേക്കും പിക്​അപ്​ വാൻ പറവൂരിലേക്കും പോകുകയായിരുന്നു. രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടു. അപകടം നടന്ന് അരമണിക്കൂർ കഴിഞ്ഞാണ് പൊലീസ് എത്തിയത്. ഇടിച്ച വാഹനങ്ങൾ ദേശീയ പാതയിലെ മധ്യഭാഗത്തായതിനാൽ ഇരുഭാഗത്തുനിന്നുവന്ന വാഹനങ്ങൾക്ക് പോകാൻ ഇടമില്ലാതായി. പൊലീസ് ക്രെയിൻ കൊണ്ടുവന്ന് റോഡിൽനിന്ന്​ നീക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് മറ്റൊരു ക്രെയിൻകൊണ്ടുവന്ന് നാലോടെയാണ് മാറ്റിയത്. ഇതുമൂലം ദേശീയ പാതയിൽ വാഹനങ്ങളുടെ നീണ്ടനിര ഇരുവശത്തും രൂപപ്പെട്ടു. കൂനമ്മാവ് തുടങ്ങി ഘണ്ടാകർണൻ വെളിയിൽവരെ വാഹനങ്ങൾ തിങ്ങിനിറഞ്ഞതോടെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. പിക്​അപ്​ വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു. മിനി ലോറിക്കും സാരമായ കേടുപാട്​ സംഭവിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.