'ഹേ കേ' എഴുതിയപ്പോൾ കല്ലേറ്​, സമ്മേളന ഗാനത്തിലൂടെ കൈയടി

കൊച്ചി: 'ഹേ കേ' എന്ന തലക്കെട്ടിൽ കവി റഫീക്ക്​​​ അഹമ്മദ്​ എഴുതിയ കവിത സി.പി.എം പ്രൊഫൈലുകളിൽനിന്ന്​ കല്ലേറ്​ ഏറെ ഏറ്റുവാങ്ങിയെങ്കിൽ ഇപ്പോൾ അതേ കവിയുടെ വരികൾതന്നെ ആഘോഷിക്കുകയാണ്​ സൈബറിടം. സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി അദ്ദേഹം കുറിച്ച വരികളാണ്​ ഏറെ ശ്രദ്ധ നേടുന്നത്​. 'ഈ നൂറ്റാണ്ടിൽ ജീവിക്കാം, ശാസ്ത്രയുഗത്തിൽ ജീവിക്കാം, മൂകയുഗങ്ങളിലൂടെ വളർന്നൊരു മാറാപ്പിവിടെയുപേക്ഷിക്കാം...മനുഷ്യരാകാം' എന്ന വരികളാണ്​ ഗാനരൂപത്തിൽ ഇറങ്ങിയത്​. 'തണ്ണീർത്തടങ്ങളെ പിന്നിട്ട്​, തെങ്ങിൻ നിരകളെപ്പിന്നിട്ട്​, സഹ്യനെ കുത്തിമറിച്ചിട്ട്​...' എന്നിങ്ങനെ കെ-റെയിലിനെ വിമർശിക്കുന്ന കവിത ഫേസ്​ബുക്കിൽ കുറിച്ചിട്ട നാൾ മുതൽ റഫീക്ക്​​​ അഹമ്മദിന്​ രൂക്ഷവിമർശനം ലഭിച്ചിരുന്നു. ശകാരവർഷങ്ങളായി വിമർശനം ഉയർന്നപ്പോൾ 'തെറിയാൽ തടുക്കുവാൻ കഴിയില്ല തറയുന്ന മുനയുള്ള ചോദ്യങ്ങളറിയാത്ത കൂട്ട​രേ' എന്ന്​ കവി തന്നെ മറുപടിയും നൽകി. ജനുവരി 20, 21 ദിവസങ്ങളിലായി നടന്ന ആ കോലാഹലങ്ങൾക്ക്​ അറുതിയാകുകയാണ്​ സംസ്ഥാന സമ്മേളനത്തിൽ കവി കുറിച്ചിട്ട വരികളിലൂടെ. സെബി നായരമ്പലം സംഗീത സംവിധാനം നിർവഹിച്ച്​ കലാഭവൻ സാബുവാണ്​ ഗാനം ആലപിച്ചത്​. 'എല്ലാവർക്കും ഒരേയവകാശം, അല്ലാതെന്തീ സ്വാതന്ത്ര്യം, കണ്ണിനു കണ്ണും പല്ലിനു പല്ലും എന്ന യുഗാന്ത മഹാമൗഢ്യം' എന്ന്​ റഫീഖ്​​ അഹമ്മദ് തന്നെ വരികളിലൂടെ വിവരിക്കുന്നു. സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.