ആലുവ മണപ്പുറത്ത് മഹാശിവരാത്രി

ആലുവ: കോവിഡ് മഹാമാരി തീർത്ത ദുരിതങ്ങൾക്കിടയിൽ ആലുവ മണപ്പുറത്ത് വീണ്ടും മഹാശിവരാത്രി. നിയന്ത്രണങ്ങളോടെയുള്ള പിതൃതർപ്പണത്തിന്​ മണപ്പുറം ഒരുങ്ങി. മണപ്പുറം ശിവക്ഷേത്രത്തിൽ ചൊവ്വാഴ്ച പുലർച്ച ചടങ്ങുകൾക്ക്​ തുടക്കമാകും. ശിവക്ഷേത്രത്തിലെ പ്രത്യേക പൂജകൾക്ക് ചേന്നാസ് മനക്കൽ നാരായണൻ നമ്പൂതിരിപ്പാടും മേൽശാന്തി മുല്ലപ്പിള്ളി മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാടും മുഖ്യകാർമികത്വം വഹിക്കും. വൈകീട്ട് 6.30ന് ദീപാരാധന. രാത്രി 12ന്​ ശേഷമാണ് ശിവരാത്രി വിളക്ക്. ബലിതർപ്പണത്തിനും ക്ഷേത്രദർശനത്തിനും വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. രാവിലെ മുതൽ ഭക്തരെത്തി ഒറ്റക്കൊറ്റക്ക് ബലിതർപ്പണം നടത്തുമെങ്കിലും ഉച്ചമുതലായിരിക്കും കൂട്ടമായി മണപ്പുറത്തേക്കെത്തുക. സന്ധ്യകഴിയുന്നതോടെ തിരക്ക് കൂടും. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശിവരാത്രി ബലിതർപ്പണം നടക്കാറുണ്ടെങ്കിലും ആലുവ മണപ്പുറത്തിനാണ് പ്രാധാന്യം. അതിനാൽ തന്നെ നാനാദിക്കുകളിൽനിന്ന്​ ഭക്തർ ആലുവയിൽ എത്തും. ബലിതര്‍പ്പണത്തിന്​ 150ഓളം ബലിത്തറകളാണ് ലേലം ചെയ്ത് നൽകിയത്. ശിവരാത്രി നാളായ ചൊവ്വാഴ്ച രാത്രിയിലാണ് ഔദ്യോഗികമായി ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കുക. ബലിതർപ്പണം ബുധനാഴ്ച ഉച്ചക്ക് 12വരെ നീളും. തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ക്രമീകരണം ഏർപ്പെടുത്തുന്നത്. ബലിതർപ്പണം നടത്തുന്ന പെരിയാർ തീരത്ത് അപകടമുണ്ടാകാതിരിക്കാനും ക്രമീകരണം ചെയ്തിട്ടുണ്ട്. കുടിവെള്ള വിതരണത്തിനും വിപുല സംവിധാനമുണ്ട്. വിവിധ ഭാഗങ്ങളിൽനിന്ന് മണപ്പുറത്തേക്ക് കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവിസുണ്ട്. ഇതിനായി മണപ്പുറത്തുതന്നെ താൽക്കാലിക സ്‌റ്റാൻഡും പ്രവർത്തിക്കുന്നുണ്ട്. ekg yas1 manapuram ശിവരാത്രി ആഘോഷങ്ങൾ നടക്കുന്ന പെരിയാർ തീരത്തെ ആലുവ മണപ്പുറം ക്ഷേത്രം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.