മത്സ്യബന്ധന യാനങ്ങൾക്കുള്ള മണ്ണെണ്ണ പെർമിറ്റ്: സംയുക്ത പരിശോധന പൂർത്തിയായി

തിരുവനന്തപുരം: പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് മണ്ണെണ്ണ പെർമിറ്റ് അനുവദിക്കുന്നതിനായുള്ള ഏകദിന പരിശോധന പൂർത്തീകരിച്ചതായി ഫിഷറീസ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. സംസ്ഥാന സർക്കാർ മത്സ്യബന്ധന യാനങ്ങൾക്ക് സബ്‌സിഡി നിരക്കിൽ മണ്ണെണ്ണ വിതരണം നടത്തുന്നത് പെർമിറ്റിന്റെ അടിസ്ഥാനത്തിലാണ്. മൂന്നു വർഷം കൂടുമ്പോൾ ഫിഷറീസ്, സിവിൽ സപ്ലൈസ്, മത്സ്യഫെഡ് എന്നിവർ സംയുക്തമായി ഏകദിന പരിശോധന നടത്തിയാണ് പെർമിറ്റിന് അർഹരായവരെ കണ്ടെത്തുന്നത്. 2015 ലാണ് മണ്ണെണ്ണ പെർമിറ്റിനായുള്ള പരിശോധന അവസാനമായി നടന്നത്. കോവിഡിന്റെ സാഹചര്യത്തിൽ കഴിഞ്ഞ രണ്ടു വർഷമായി നടത്താൻ സാധിക്കാതെയിരുന്ന സംയുക്ത പരിശോധനയാണ് ഞായറാഴ്ച പൂർത്തിയാക്കിയത്. ഒമ്പത് തീരദേശ ജില്ലകളിലെ 196 കേന്ദ്രങ്ങളിലായി 14,485 എൻജിനുകളുടെ പരിശോധനയാണ് നടന്നത്. പ്രാഥമിക കണക്കെടുപ്പ് പ്രകാരം പതിനാലായിരത്തിലധികം എൻജിനുകൾ മണ്ണെണ്ണ പെർമിറ്റിന്​ അർഹരാണെന്ന് കണ്ടെത്തിയതായും മന്ത്രി അറിയിച്ചു. ഫിഷിങ്​ ലൈസൻസുള്ളതും ഫിഷറീസ് ഇൻഫർമേഷൻ മാനേജ്‌മെന്റ് രജിസ്‌ട്രേഷൻ നടത്തിയതുമായ യാനങ്ങൾക്ക് മാത്രമാണ് പെർമിറ്റ് അനുവദിക്കുന്നത്. 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള എൻജിനുകൾ പരിഗണിക്കപ്പെട്ടില്ല. സംയുക്ത പരിശോധന സുഗമമായി പൂർത്തിയാക്കിയ ഫിഷറീസ്, മത്സ്യഫെഡ്, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെയും പിന്തുണയേകിയ വിവിധ മത്സ്യത്തൊഴിലാളി സംഘടനകളെയും മത്സ്യത്തൊഴിലാളി സമൂഹത്തെയും അദ്ദേഹം അഭിനന്ദിച്ചു. മണ്ണെണ്ണ വിതരണത്തിന് മത്സ്യഫെഡിന് മൊത്ത വിതരണ ലൈസൻസ് അനുവദിക്കുന്നതിന് ഇതുവരെ കേന്ദ്ര സർക്കാർ തയാറായിട്ടില്ല. ഈ വിഷയത്തിൽ കേന്ദ്രവുമായി തുടർ ചർച്ചകൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.